കുവൈത്ത് സിറ്റി – കുവൈത്തില്‍ പിടിച്ചുപറി പതിവാക്കിയ മൂന്നംഗ സംഘം അറസ്റ്റില്‍. ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ ഫോണുകളും പിടിച്ചുപറിക്കുന്ന മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.
ജലീബ് അല്‍ശുയൂഖ് ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ഫര്‍വാനിയ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റും സഹകരിച്ചായിരുന്നു അറസ്റ്റ്. അറബ് വംശജരായ സംഘത്തില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സമാന രീതിയില്‍ മൂന്നു പിടിച്ചുപറികള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ സംഘം സമ്മതിച്ചു. ജലീബ് അല്‍ശുയൂഖില്‍ പിടിച്ചുപറികളും കവര്‍ച്ചകളും വര്‍ധിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതികളെ പിടികൂടിയത്.
ഇരുപത്തിനാലു മണിക്കൂര്‍ നീണ്ട നിരീക്ഷണങ്ങളിലൂടെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. ഏഷ്യന്‍ വംശജനെ തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ അധികൃതര്‍ കൈയോടെ അറസ്റ്റ് ചെയ്തത്. മോഷണ വസ്തുക്കള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.



