ജിദ്ദ – ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത്തവണ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ ഇത്തവണ ഹജിന് അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. 2026 ലെ ഹജ് തീര്‍ഥാടകര്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകളും ഹാജിമാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കുകയും ഇത് സൗദി ഹജ്, ഉംറ മന്ത്രാലയം വിദേശ രാജ്യങ്ങളെ അറിയിക്കുകയും ചെയ്തു.
വിദേശ രാജ്യങ്ങള്‍ക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം അയച്ച സര്‍ക്കുലര്‍ അനുസരിച്ച്, എല്ലാ രാജ്യങ്ങളും ഹജ് ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ ശാരീരികമായി ആരോഗ്യമുള്ളവരാണെന്നും തീര്‍ഥാടന വേളയില്‍ അവരുടെയോ മറ്റുള്ളവരുടെയോ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് മുക്തരാണെന്നും ഉറപ്പാക്കണം. ഗുരുതരമായ ഹൃദ്രോഗം, ശ്വാസകോശ രോഗം, വൃക്ക രോഗങ്ങള്‍, ഗുരുതരാവസ്ഥയിലായ വിട്ടുമാറാത്ത രോഗങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ഒരു വ്യക്തിയെ ഹജ് ചെയ്യുന്നതില്‍ നിന്ന് തടയുന്ന അവസ്ഥകളായി സൗദി ആരോഗ്യ മന്ത്രാലയം പട്ടികപ്പെടുത്തി.
ഹജില്‍ പങ്കെടുക്കാനുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ഫിറ്റ്‌നസ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കല്‍ നിര്‍ബന്ധമാണ്. ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നീ പ്രധാന അവയവങ്ങള്‍ ശരിയാംവിധം പ്രവര്‍ത്തിക്കാതിരിക്കല്‍, ബോധശേഷിയെ ദുര്‍ബലപ്പെടുത്തുന്ന മാനസിക വൈകല്യങ്ങള്‍, ഡിമെന്‍ഷ്യയോടു കൂടിയ വാര്‍ധക്യം, ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭധാരണം, കീമോതെറാപ്പി, ബയോളജിക്കല്‍, റേഡിയോളജിക്കല്‍ ചികിത്സ സ്വീകരിക്കുന്ന കാന്‍സര്‍ രോഗികള്‍, ക്ഷയം, രക്തസ്രാവ പനി തുടങ്ങിയ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സജീവ പകര്‍ച്ചവ്യാധികള്‍ എന്നീ അവസ്ഥകളില്‍ നിന്ന് ഹാജിമാര്‍ മുക്തരാണെന്ന് സ്ഥിരീകരിച്ച് തീര്‍ഥാടകരുടെ രാജ്യങ്ങളിലെ മെഡിക്കല്‍ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ നിര്‍ബന്ധമാണ്. എല്ലാ തീര്‍ത്ഥാടകരും സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് -19, മെനിഞ്ചൈറ്റിസ്, പോളിയോ, മഞ്ഞപ്പനി എന്നിവക്കെതിരായ വാക്‌സിനേഷന്റെ സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
തീര്‍ഥാടകരും ഹജ് മേഖലാ ജീവനക്കാരും സൗദി അറേബ്യ അംഗീകരിച്ച കോവിഡ്-19 വാക്‌സിനുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണ വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവ് കാണിക്കണം. ഏറ്റവും പുതിയ ഡോസ് 2021 നും 2025 നും ഇടയിലും യാത്രക്ക് കുറഞ്ഞത് രണ്ടാഴ്ച മുമ്പും ആയിരിക്കണം എടുക്കേണ്ടത്. സൗദി അറേബ്യയില്‍ എത്തുന്നതിന് അഞ്ച് വര്‍ഷത്തില്‍ കൂടാത്തതും പത്ത് ദിവസത്തില്‍ കുറയാത്തതുമായ കാലയളവില്‍ മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ് (എ.സി.ഡബ്ലിയു.വൈ) വാക്‌സിന്‍ ഉപയോഗിച്ച് എല്ലാ തീര്‍ഥാടകരും മെനിഞ്ചൈറ്റിസിനെതിരെ വാക്‌സിനേഷന്‍ എടുക്കണം. പോളിയോ വ്യാപനം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാത്രക്ക് കുറഞ്ഞത് നാല് ആഴ്ച മുമ്പെങ്കിലും ഇന്‍ആക്ടിവേറ്റഡ് പോളിയോവൈറസ് വാക്‌സിനോ ഓറല്‍ പോളിയോ വാക്‌സിനോ കഴിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ (യെല്ലോ കാര്‍ഡ്) പോളിയോ വാക്‌സിന്‍ സ്വീകരിച്ചതിന് തെളിവ് രേഖപ്പെടുത്തണം. മഞ്ഞപ്പനി വ്യാപനം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ഒമ്പത് മാസത്തിന് മുകളിലുള്ള എല്ലാ യാത്രക്കാരും സൗദിയിലേക്കുള്ള പ്രവേശന സമയത്ത് സാധുവായ മഞ്ഞപ്പനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ശക്തമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൗദി അധികൃതര്‍ എല്ലാ പ്രവേശന കവാടങ്ങളിലും ആരോഗ്യ പരിശോധനകള്‍ നടത്തും. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏതൊരു യാത്രക്കാരനും പ്രവേശനം നിഷേധിക്കുകയോ ഐസൊലേഷനിലാക്കുകയോ കൂടുതല്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയോ ചെയ്യും. ലിസ്റ്റ് ചെയ്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരു തീര്‍ഥാടകനെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ എത്തുന്നതിന് മുമ്പും ശേഷവും ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ശക്തമായി പരിശോധിക്കും. ഹജിനിടെയോ അതിനു മുമ്പോ ആഗോളതലത്തില്‍ പകര്‍ച്ചവ്യാധികളോ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളോ ഉണ്ടായാല്‍ ലോകാരോഗ്യ സംഘടനയുമായി ഏകോപിപ്പിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.