ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ യാത്രക്കാരുടെ എണ്ണം 1.4 കോടി കവിഞ്ഞതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ഗുഡ്‌സ് ട്രെയിനുകള്‍ വഴി മൂന്നു കോടി ടണ്‍ ചരക്കുകളും ധാതുക്കളും നീക്കം ചെയ്തു. രാജ്യത്തിന്റെ ഗതാഗത, ലോജിസ്റ്റിക് സംവിധാനത്തെ പിന്തുണക്കുന്നതില്‍ ട്രെയിന്‍ സര്‍വീസുകളുടെ വര്‍ധിച്ചുവരുന്ന പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നു.
നോര്‍ത്തേണ്‍ ട്രെയിന്‍, ഈസ്റ്റേണ്‍ ട്രെയിന്‍, ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ എന്നിവയുള്‍പ്പെടെ വിവിധ റൂട്ടുകളിലായി 45,000 ലേറെ സര്‍വീസുകള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നടത്തി. തീര്‍ഥാടകര്‍ക്കുള്ള ഗതാഗത കാര്യക്ഷമതയും സേവനവും മെച്ചപ്പെടുത്തിയ സംയോജിത പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമായി കഴിഞ്ഞ ഹജ് സീസണില്‍ 18 ലക്ഷത്തിലേറെ യാത്രക്കാര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി.
തന്ത്രപ്രധാനമായ ചരക്കുകളും ധാതുക്കളും നീക്കം ചെയ്യുന്നതില്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് നിര്‍ണായക പങ്ക് തുടര്‍ന്നു. റോഡ് ഗതാഗതവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറക്കാനും വിതരണ ശൃംഖലകളെ പിന്തുണക്കാനും ഉല്‍പാദന സ്ഥലങ്ങളില്‍ നിന്ന് തുറമുഖങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും വിഭവ ഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഗുഡ്‌സ് ട്രെയിനുകള്‍ സഹായിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കല്‍, ഇന്ധന ഉപഭോഗം യുക്തിസഹമാക്കല്‍ എന്നിവയുള്‍പ്പെടെ സുരക്ഷയിലും പരിസ്ഥിതിയിലും മികച്ച സൂചകങ്ങളും സൗദി അറേബ്യ റെയില്‍വെയ്‌സ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 13.9 കോടി ലിറ്റര്‍ ഇന്ധനം ലാഭിക്കാനും 20 ലക്ഷം വാഹനങ്ങളില്‍ റോഡുകളില്‍ നിന്ന് അകറ്റിനിര്‍ത്താനും 3,64,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ട്രെയിന്‍ സര്‍വീസുകള്‍ സഹായിച്ചു. ഇത് രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണക്കുന്ന സുരക്ഷിതവും സുസ്ഥിരവുമായ ഓപ്ഷനായി റെയില്‍വേ ഗതാഗതത്തിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നു.



