ജിദ്ദ -ഇറാൻ യുദ്ധത്തെത്തുടർന്ന് മേഖലയിലെ 80-ലധികം എണ്ണ, വാതക വ്യവസായ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര ഊർജ ഏജൻസി (IEA) എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ വ്യക്തമാക്കി. ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ ഊർജ തടസ്സത്തിനാണ് ഈ സംഘർഷം കാരണമായതെന്നും ആഗോള അസംസ്‌കൃത എണ്ണ ഉൽപാദനത്തിന്റെ പത്ത് ശതമാനത്തോളം വിപണിക്ക് പുറത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണി ശാന്തമാക്കാൻ ഐ.ഇ.എ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് 40 കോടി ബാരൽ പിൻവലിക്കാൻ തീരുമാനിച്ചതിൽ 17.2 കോടി ബാരൽ അമേരിക്കയുടേതാണ്. നിലവിൽ എണ്ണവില 100 ഡോളറിനടുത്താണെന്നും ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ സാഹചര്യത്തിൽ കരുതൽ ശേഖരം ഉപയോഗിക്കുന്നത് ഒരു താൽക്കാലിക ആശ്വാസം മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധത്തിൽ ഖത്തറിലെ റാസ് ലഫാൻ സമുച്ചയത്തിന് കേടുപാടുകൾ സംഭവിച്ചത് വഴി എൽ.എൻ.ജി കയറ്റുമതിയിൽ വലിയ ഇടിവുണ്ടാവുകയും അറ്റകുറ്റപ്പണികൾക്ക് വർഷങ്ങൾ വേണ്ടിവരുമെന്ന് കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ യു.എ.ഇയിലെ റുവൈസ് റിഫൈനറി, അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റ്, കുവൈത്തിലെയും ബഹ്‌റൈനിലെയും പ്രധാന റിഫൈനറികൾ എന്നിവയ്ക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. സൗദി അറേബ്യയിൽ പ്രതിദിനം 6,00,000 ബാരൽ ഉൽപാദന ശേഷി നഷ്ടപ്പെട്ടെങ്കിലും മനീഫ ഫീൽഡിൽ ഉൽപാദനം പുനരാരംഭിച്ചും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്ലൈനിലെ പമ്പിംഗ് ശേഷി വീണ്ടെടുത്തും രാജ്യം പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുകയാണ്. ഇനിയും കരുതൽ ശേഖരത്തെ ആശ്രയിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുമ്പോഴും ആവശ്യമെങ്കിൽ കൂടുതൽ നടപടികൾക്ക് ഏജൻസി സജ്ജമാണെന്നും ബിറോൾ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



