ജിസാൻ– സൗദിയിൽ മരിച്ച ബിഹാർ സിവാൻ മുഹ്‌യുദ്ദീൻപൂർ സ്വദേശി മുഹമ്മദ് ആസാദിൻറെ (52) മൃതദേഹം ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) പ്രവർത്തകരുടെ സഹായത്തോടെ ജിസാനിൽ ഖബറടക്കി. സ്‌പോൺസറുടെ നിസഹകരണം മൂലം നിയമനടപടികൾ വൈകിയ സാഹചര്യത്തിലാണ് “ജല”യുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ട് മൃതദേഹം ഖബറടക്കുന്നതിനുള്ള സഹായങ്ങൾ നൽകിയത്. അബുഅരീഷ് കിംഗ്‌ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിസാൻ പ്രിൻസ് മത്തിബ് ബിൻ അബ്‌ദുൾ അസീസ് റോഡിലുള്ള ഖബർസ്ഥാനിലാണ് മറവ് ചെയ്‌തത്. ജിസാൻ കിംഗ് അബ്ദുള്ള മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിസാനിലെ സാമൂഹിക പ്രവർത്തകരും സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ പങ്കെടുത്തു.
മുഹമ്മദ് ആസാദ് ക്ഷയരോഗം മൂർച്ഛിച്ച് കഴിഞ്ഞ മാസം15 നാണ് മരിച്ചത്. ജിസാൻ സനയയിൽ ജോലിചെയ്‌തിരുന്ന അദ്ദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇഖാമയോ സ്‌പോൺസറുടെ കീഴിൽ ജോലിയോ ഉണ്ടായിരുന്നില്ല. മുഹമ്മദ് ആസാദിൻറെ കുടുംബം മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള മുക്ത്യാർപത്രം സുഹൃത്ത് മുഹമ്മദ് ജാവേദ് അൻസാരിയ്ക്ക് അയച്ചുകൊടുത്തെങ്കിലും സ്‌പോൺസറുടെ നിസഹകരണം മൂലം വൈകുകയായിരുന്നു.”ജല” ജിസാൻ ഏരിയ പ്രസിഡണ്ട് സലീം മൈസൂർ, ജനറൽ സെക്രട്ടറി സലാം കൂട്ടായി, പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, സെക്രട്ടറി അനീഷ് നായർ, ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി എന്നിവർ ഇടപെട്ടാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്ത് കോൺസുലേറ്റിൽ നിന്നുള്ള സമ്മതപത്രവും മറ്റു സഹായങ്ങളും ലഭ്യമാക്കി.”ജല” കേന്ദ്ര കമ്മിറ്റി രക്ഷാധികാരി സണ്ണി ഓതറ, ജബ്ബാർ പാലക്കാട്, ശിഹാബ് കരുനാഗപ്പള്ളി, ജമാൽ കടലുണ്ടി, സലാം എളമരം, കോശി നിലമ്പൂർ, നിസാർ, യാസർ പരപ്പനങ്ങാടി, അഷ്‌റഫ് മണ്ണാർക്കാട്,നാസർ ചേലേമ്പ്ര (ഒ.ഐ.സി.സി) എന്നിവരും അബഹയിൽ നിന്ന് മുഹമ്മദ് ആസാദിൻറെ ബന്ധുക്കളും ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു. മുസ്തഫ സഅദി (ഐ.സി.എഫ്) ശിഹാബ് വലമ്പൂർ എന്നിവർ പ്രാർത്ഥനക്കു നേതൃത്വം നൽകി.