ഹായില്‍ – ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്‍ സത്താം ബിന്‍ ഫൈഹാന്‍ അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു.
അപകടത്തില്‍ പെട്ട സത്താം അല്‍ശമ്മരിയുടെ കാറില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അല്‍ശന്നാനിലെ മസാവിം ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കിയാണ് സത്താം അല്‍ശമ്മരിയുടെയും ആണ്‍ മക്കളായ നാഹി, ഖാലിദ്, ഖലഫ്, പെണ്‍മക്കളായ മര്‍സൂഖ, നംശ, അഫ്‌നാന്‍, ഫദ്ദ എന്നിവരുടെയും മയ്യിത്തുകള്‍ മറവു ചെയ്തത്.


ഹായില്‍ പ്രവിശ്യ ഗവര്‍ണര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരന്‍ അല്‍ശന്നാനിലെത്തി സത്താം അല്‍ശമ്മരിയുടെയും മക്കളുടെയും വിയോഗത്തില്‍ അല്‍കത്ഫാ കുടുംബത്തെ അനുശോചനം അറിയിച്ചു. വാരാന്ത്യ അവധി റദ്ദാക്കിയാണ് ഹായില്‍ ഗവര്‍ണര്‍ ഹായിലില്‍ നിന്ന് 100 കിലോമീറ്റര്‍ യാത്ര ചെയ്ത് അല്‍ശന്നാനിലെത്തി സത്താം അല്‍ശമ്മരിയുടെ വീട്ടിലെത്തി ബന്ധുക്കളെ അനുശോചനം അറിയിച്ചത്.