മസ്കത്ത് – ഒമാനിൽ ഏറെ ആകർഷനീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് അൽ അശ്ഖറ ഫെസ്റ്റിവൽ പുരോഗമിക്കുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലി വിലായത്തിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. സന്ദർശകരുടെ കുത്തൊഴുക്കാണ് ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത്. ഇതുവരെ 1,50,000ത്തിലധികം പേരാണ് ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയിരിക്കുന്നത്. അൽ അശ്ഖറ പബ്ലിക് പാർക്കിൽ സംഘടിപ്പിക്കുന്ന ഈ ഉത്സവം തീരദേശ പട്ടണത്തെ സാംസ്‌കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
ഒമാന്റെ സമ്പന്നമായ പൈതൃകവും ആധുനിക വിനോദപരിപാടികളും ഒരേസമയത്ത് അവതരിപ്പിക്കുന്നതിനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് വ്യത്യസ്ത അനുഭവങ്ങൾ നൽകുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ‘അബ്ഖ് അൽ തുറാത്ത്’ ഹെറിറ്റേജ് വില്ലേജിൽ പാരമ്പര്യ കരകൗശല വസ്തുക്കളുടെ തത്സമയ നിർമ്മാണം, കപ്പൽ മോഡലിങ്, മൺപാത്ര നിർമാണം എന്നിവ സന്ദർശകർക്ക് പ്രത്യക്ഷമായി കാണാൻ കഴിയും.
തീരദേശ പൈതൃകത്തിന്റെ നിറവിൽ നാടോടിനൃത്തങ്ങളും സംഗീത പരിപാടികളും അരങ്ങേറുന്നു. കുട്ടികൾക്കായി ഗെയിമുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, മത്സരങ്ങൾ തുടങ്ങിയ വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കായി നാടകങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളുമുണ്ട്.
ആഗസ്റ്റ് 9 വരെ നീളുന്ന ഈ ഉത്സവത്തിൽ പൈതൃകം, വിനോദം, ടൂറിസം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള വിവിധ പരിപാടികൾ അരങ്ങേറും. ജഅലാൻ ബാനി ബു അലി വിലായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഫെസ്റ്റിവലിന്റെ ഭാഗമായും ഇവ നടക്കും.


ആഭ്യന്തര ടൂറിസത്തെ ശക്തിപ്പെടുത്തുക, മേഖലയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന പ്രേരകശക്തികൾ. ഗവർണറേറ്റിലെ ചരിത്രസ്മൃതികളും സാംസ്‌കാരികകേന്ദ്രങ്ങളും ഫെസ്റ്റിവൽ സന്ദർശകരെ അടുത്തറിയാൻ സഹായിക്കുന്നു.
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പങ്കാളിത്തം പ്രതീക്ഷിച്ചിരിക്കുകയാണ് അധികൃതർ. നാട്ടുകാരും വിദേശ സന്ദർശകരും ഒരുപോലെ ആഘോഷങ്ങളിലേക്ക് ഒഴുകുകയാണ്.