അബൂദാബി– 2013 ഡിസംബറിലായിരുന്നു കോട്ടയം സ്വദേശിയായ 21-കാരൻ ഷാരോൺ ചെറിയാന് തന്റെ ജീവിതത്തിലെ ഇരുണ്ട ഓർമകൾ സമ്മാനിച്ച ആ അപകടം സംഭവിക്കുന്നത്. സുഹൃത്തിനോടൊപ്പം ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്യവേ, ഒരു നിമിഷം കൊണ്ട് അവന്റെ ജീവിതം തകരുകയായിരുന്നു. എതിരെ വന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയും, അപകടത്തിൽ അവന്റെ സുഹൃത്ത് തൽക്ഷണം മരിക്കുകയും ചെയ്തു. ഷാരോണിന്റെ പെൽവിസിനും കാലിനും ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു. പകർച്ചവ്യാധി പടർന്നതിനാൽ, ഡോക്ടർമാർക്ക് അവന്റെ വലതു കാൽ മുറിച്ചുമാറ്റേണ്ടി വന്നു.
“കാൽ മുറിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ, എന്റെ ജീവിതം അവസാനിച്ചതുപോലെ തോന്നി. ഭാവിയെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു,” ഷാരോൺ പറഞ്ഞു.
ഒൻപത് മാസം ആശുപത്രിയിൽ പരിക്കുകളോടും അവസാനിക്കാത്ത വേദനയോടും അവൻ പോരാടി. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയി. ചികിത്സയ്ക്കായി വീട് വരെ വിൽക്കേണ്ടി വന്നു. ശാരീരികമായി, 90 കിലോയിൽ നിന്ന് 47 കിലോയായി ഷാരോണിന്റെ ശരീരഭാരം കുറഞ്ഞു. അവന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു ഘട്ടമായിരുന്നു അത്.
പ്രതീക്ഷയുടെ കിരണം
ഒരു ദശകത്തിലേറെ നീണ്ട വേദനയും പരിമിതമായ ചലനശേഷിയും ഷാരോൺ അനുഭവിച്ചു. “ഞാൻ വടി ഉപയോഗിച്ചാണ് എല്ലാം നടത്തിയിരുന്നത്, കസിന്റെ കാറ്ററിംഗ് ബിസിനസ് വരെ നടത്തി നോക്കി. പക്ഷേ, എന്റെ വൈകല്യം കാരണം ആളുകൾ എന്നെ പൂർണമായി അംഗീകരിക്കുന്നില്ലെന്ന് തോന്നി. അത് വളരെ വേദനാജനകമായിരുന്നു,” അവൻ പറഞ്ഞു.
അങ്ങനെയാണ് ഓസിയോഇന്റഗ്രേഷൻ സർജറിയെക്കുറിച്ച് ഷാരോൺ അറിയുന്നത്—ശരീരത്തിൽ കൃത്രിമാവയവം നേരിട്ട് ഘടിപ്പിക്കുന്ന ഒരു അതിനൂതന സാങ്കേതിക ശസ്ത്രക്രിയ. അബൂദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ പ്രശസ്തനായ ഓർത്തോപീഡിക് സർജൻ ഡോ. മുൻജെദ് അൽ മുദേറിസിനെ അവൻ ബന്ധപ്പെട്ടു. എന്നാൽ, സർജറിക്കുള്ള ചെലവ് താങ്ങാനാവാത്തതായിരുന്നു. അപ്പോഴാണ് ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംസീർ വയലിൽ 40 ലക്ഷം ദിർഹം മൂല്യമുള്ള ഈ സർജറി സൗജന്യമായി നൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചത്.
അബുദാബിയിലേക്കുള്ള യാത്ര
“ഞാൻ ഒരു നിമിഷം പോലും ആലോചിച്ചില്ല. ഇതാണ് എന്റെ ഏക അവസരമെന്ന് എനിക്കറിയാമായിരുന്നു,” ഷാരോൺ തന്റെ വികാരം വെളിപ്പെടുത്തി. അമ്മയോടൊപ്പം അബൂദാബിയിലേക്ക് പോയ ഷാരോൺ, ഡോ. അൽ മുദേറിസിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയക്ക് വിധേയനായി.
33 വയസ്സുള്ള ഷാരോണിന് ഇപ്പോൾ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട്. യുഎഇയിൽ ജോലി കണ്ടെത്തി, സ്വതന്ത്രമായി നടക്കാനും പരിമിതികളില്ലാതെ ജീവിക്കാനുമാണ് അവന്റെ സ്വപ്നം. “നീണ്ട കാലമായി ആളുകൾ എന്റെ വൈകല്യം മാത്രമാണ് കണ്ടത്. ഇനി എന്റെ കഴിവുകൾ അവർ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,” അവൻ പുഞ്ചിരിയോടെ പറഞ്ഞു.
സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം
“സാധാരണക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു. കൈയിൽ വടിയുള്ളതിനാൽ എന്റെ മൂല്യം കുറഞ്ഞതായി കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ശസ്ത്രക്രിയ എന്റെ ജീവിതം പുനർനിർമിക്കാനുള്ള അവസരം നൽകുന്നു.”
തന്റെ വലതു കാലിനു ജീവൻ വെപ്പിച്ച്, മാലാഖയെപ്പോലെ കടന്നു വന്ന ഡോ. ഷംസീർ വയലിലിനും, സർജൻ ഡോ. മുൻജെദ് അൽ മുദേറിസിനെയും ഇടനെഞ്ചിൽ തുന്നിക്കൂട്ടിയിരിക്കുകയാണ് ഷാരോൺ
ഷാരോണിന്, ഈ ഓണം തന്റെ ജീവിതം മാറ്റി മറിക്കാൻ പോകുന്ന സമ്മാനമാണ്, അത് അവൻ എന്നേക്കും ഓർമ്മിക്കും.