ദോഹ– സ്റ്റാർട്ടപ്പ് സംരഭകർക്ക് പത്തു വർഷത്തെ റെസിഡൻസി പ്രഖ്യാപിച്ച് ഖത്തർ. സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർക്കായാണ് ഖത്തർ 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സാങ്കേതിക സംഗമമായ ‘വെബ് സമ്മിറ്റ് ഖത്തർ 2026’-ന്റെ മൂന്നാം പതിപ്പിലായിരുന്നു പ്രഖ്യാപനങ്ങൾ.
ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ-ഥാനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ആഗോള നിക്ഷേപകരെയും സംരംഭകരെയും ഖത്തറിലേക്ക് ആകർഷിക്കുന്നതിനായി ദീർഘകാല റെസിഡൻസി ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്.
പ്രധാന പ്രഖ്യാപനങ്ങൾ
10 വർഷത്തെ റെസിഡൻസി: സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, മുതിർന്ന എക്സിക്യൂട്ടീവുകൾ എന്നിവർക്കായി ഖത്തർ 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം പ്രഖ്യാപിച്ചു.
ഫണ്ട് വിപുലീകരണം: ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ‘ഫണ്ട് ഓഫ് ഫണ്ട്‌സ്’ (Fund of Funds) പ്രോഗ്രാമിനായി അധികമായി 2 ബില്യൺ യുഎസ് ഡോളർ കൂടി അനുവദിച്ചു.
ദേശീയ AI കമ്പനി: ഖത്തറിന്റെ എഐ മേഖലയ്ക്ക് കരുത്തേകാൻ ‘Qai’ എന്ന പേരിൽ ദേശീയ AI കമ്പനിക്ക് തുടക്കം കുറിച്ചു. അടിസ്ഥാന സൗകര്യങ്ങളും സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാം: വെബ് സമ്മിറ്റിനിടെ രജിസ്റ്റർ ചെയ്യുന്ന സ്ഥാപകർക്ക് കമ്പനി ഫോർമേഷൻ, ബാങ്കിംഗ്, റെസിഡൻസി നടപടികൾ എന്നിവ വെറും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.
സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം എന്നിവയിൽ ഖത്തർ ഇന്ന് ആഗോളതലത്തിൽ ഒരു റഫറൻസ് പോയിന്റായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ടെക് വിദഗ്ധരും നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.



