റിയാദ്– സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയുടെയും പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ നിര്യാണത്തില്‍ ന്യൂ ഏജ് ഇന്ത്യ സംസ്‌കാരിക വേദി അനുസ്മരണം നടത്തി.
ഏഴു വര്‍ഷക്കാലം ദേശീയതലത്തില്‍ പാര്‍ട്ടിയെ നയിച്ച മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന സുധാകര്‍ റെഡ്ഢി ആന്ധ്രയിലെ വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ദേശീയ ജനറല്‍ സെക്രട്ടറി ആവുകയായിരുന്നു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമായിരുന്നു എക്കാലവും അദ്ദേഹം അനുവര്‍ത്തിച്ചു പോന്നിരുന്നത്.
വിദ്യാര്‍ഥി സംഘടന സ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച വാഴൂര്‍ സോമന്‍ എംഎല്‍എ തോട്ടം തൊഴിലാളി പ്രസ്ഥാനത്തിലേക്ക് കടന്നു വരികയും തൊഴില്‍ രംഗത്ത് ഏറെ ചൂഷണവും കഷ്ടതയും അനുഭവിച്ചിരുന്ന തൊഴിലാളികളുടെ സംരക്ഷകനായി പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയായിരുന്നു. തത്ഫലമായി പോലീസിന്റെയും കമ്പനി ഗുണ്ടകളുടെയും നിര്‍ദാക്ഷിണ്യമില്ലാത്ത ഭീകര മര്‍ദ്ദനത്തിനിരയായതിനാല്‍ ദീര്‍ഘകാല ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത പൊതുപ്രവര്‍ത്തകനാണ്. നിയമസഭ സാമാജികന്‍ എന്ന നിലയില്‍ സഭക്കകത്തും പുറത്തും ജനകീയ പ്രശ്‌നങ്ങളിലും തൊഴിലാളിവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടുകൊണ്ട് ജനകീയ മുഖം നിലനിര്‍ത്തി പ്രവര്‍ത്തിച്ചിരുന്നു.
ചെറീസ് റസ്റ്റോറന്റില്‍ കൂടിയ അനുശോചനയോഗത്തില്‍ കോശി മാത്യു അധ്യക്ഷനായിരുന്നു. സമീര്‍ പരപ്പനങ്ങാടി അനുശോചന കുറിപ്പ് അവതരിപ്പിക്കുകയും എം.സാലി ആലുവ,വിനോദ് കൃഷ്ണ, അഷറഫ് മൂവാറ്റുപുഴ, ശുഹൈബ് സലീം, ഷാനവാസ്, നൗഷാദ് ചിറ്റാര്‍ ഷാജഹാന്‍ കായംകുളം, നൗഷാദ് കായംകുളം ,സജീര്‍ ഖാന്‍ എന്നിവര്‍ അനുശോചനം അറിയിച്ച് സംസാരിക്കുകയും ചെയ്തു.