കുവൈത്ത് സിറ്റി- വ്യത്യസ്ത സംഭവങ്ങളിലായി തെരുവ് നായ്ക്കളുടെയും വളർത്തുനായയുടെയും ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇവരുടെ ആരോഗ്യനില മന്ത്രി നേരിട്ട് വിലയിരുത്തി.
പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് പരിസരത്ത് ജോലി ചെയ്യുന്നതിനിടെ തെരുവുനായ്ക്കളുടെ കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ അതോറിറ്റി ജീവനക്കാരനെ ശൈഖ് ഫഹദ് ഫർവാനിയ ആശുപത്രിയിലെത്തിയാണ് സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ചറിഞ്ഞ മന്ത്രി, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
തുടർന്ന്, സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ വളർത്തുനായയുടെ ആക്രമണത്തിനിരയായി അൽഅമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുവൈത്തി വനിതയെയും അദ്ദേഹം സന്ദർശിച്ചു.
ഉടമയ്‌ക്കെതിരെ കേസ്
വനിതയെ ആക്രമിച്ച നായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൃഗത്തെ പരിപാലിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കും വനിതയെ ആക്രമിച്ച് പരിക്കേൽപിച്ചതിനും ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം
പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളോ തെരുവുനായ്ക്കളുടെ കൂട്ടങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൃത്യമായ സ്ഥലം അറിയിക്കുന്നതിലൂടെ ജീവൻ സംരക്ഷിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.







