ജിദ്ദ– 2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു. ജനുവരി 7 മുതൽ 11 വരെയാണ് ലോക ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ഈ ആവേശകരമായ ടൂർണമെൻ്റിലെ സെമി, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്. ജിദ്ദയിലെ കിങ് അബ്‌ദുല്ല സ്പോർട്‌സ് സിറ്റിയിലെ അൽ ഇൻമ സ്റ്റേഡിയമാണ് സ്പാനിഷ് വമ്പന്മാരുടെ ഈ പടയോട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്. ബാഴ്സലോണ, റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, അത്ലറ്റിക്കോ ബിൽബാവോ എന്നീ നാല് പ്രമുഖ ക്ലബ്ബുകളാണ് ഇത്തവണ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
ടൂർണമെന്റിന്റെ മത്സരക്രമം അനുസരിച്ച് ജനുവരി ഏഴിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ബാഴ്സലോണ അത്ലറ്റിക്കോ ബിൽബാവോയുമായി കൊമ്പുകോർക്കും. രണ്ടാം ദിനമായ ജനുവരി എട്ടിന് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മാഡ്രിഡ് ഡെർബിക്കാണ് വേദിയൊരുങ്ങുന്നത്. ഇതിൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാകും ഏറ്റുമുട്ടുക. രണ്ട് സെമി ഫൈനലുകളിലും വിജയികളാകുന്ന ടീമുകൾ ജനുവരി 11-ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ കിരീടത്തിനായി നേർക്കുനേർ വരും.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകൾ ജിദ്ദയിൽ നേരിട്ട് എത്തുന്നതോടെ നഗരം ഫുട്ബോൾ ആവേശത്തിലാകുമെന്ന് ഉറപ്പാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള കടുത്ത മത്സരങ്ങൾ ആസ്വദിക്കാനും സൗദിയിലെ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കുന്ന വലിയൊരു അവസരം കൂടിയാണിത്. സ്പാനിഷ് ഫുട്ബോളിലെ പരമ്പരാഗതമായ വീറും വാശിയും ഒട്ടും ചോരാതെ തന്നെയാകും ഇത്തവണയും ജിദ്ദയിലെ പുൽമൈതാനത്ത് മത്സരങ്ങൾ അരങ്ങേറുക.



