മക്ക – വിശുദ്ധ റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്കയില്‍ ആറു പാര്‍ക്കിംഗ് ഏരിയകള്‍ സജ്ജീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇവിടങ്ങളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും ഇരുപത്തിനാലു മണിക്കൂറും ബസ് ഷട്ടില്‍ സര്‍വീസുകളും പൊതുഗതാഗത സംവിധാനങ്ങളുമുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തീര്‍ഥാടകര്‍ക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് അവസരമൊരുക്കാന്‍ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. ജംറ പാര്‍ക്കിംഗ്, ദഖം അല്‍വബര്‍ പാര്‍ക്കിംഗ്, പ്രിന്‍സ് മിത്അബ് പാര്‍ക്കിംഗ്, കുദയ് പാര്‍ക്കിംഗ്, അല്‍സാഹിര്‍ പാര്‍ക്കിംഗ്, അല്‍റസീഫ പാര്‍ക്കിംഗ് എന്നിവയാണ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ നീക്കിവെച്ചിരിക്കുന്നത്.
തീര്‍ഥാടകരെയും സന്ദര്‍ശകരെയും അനുയോജ്യമായ പാര്‍ക്കിംഗ് ഏരിയകളും റൂട്ടുകളും തെരഞ്ഞെടുക്കാനും ഹറമില്‍ എത്താന്‍ ഷട്ടില്‍ ബസ് സര്‍വീസുകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കാനും സഹായിക്കുന്നതിന് എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്രാഫിക് ട്രാഫിക് ഡയറക്ടറേറ്റ് ഇന്ററാക്ടീവ് മാപ്പുകള്‍ പ്രസിദ്ധീകരിച്ചു. കീര്‍ഥാടകരും വിശ്വാസികളും യാത്ര ചെയ്യുന്ന വാഹനങ്ങള്‍ നിയുക്ത പാര്‍ക്കിംഗ് ഏരിയകളിലേക്ക് തിരിച്ചുവിടുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നിരവധി സ്‌ക്രീനിംഗ്, കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



