റിയാദ് – റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമായി 22 ഡ്രോണുകള്‍ ഇന്ന് തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദ് പ്രവിശ്യയിലേക്ക് ഇന്ന് ഇറാനില്‍ നിന്ന് ആറ് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇതില്‍ രണ്ട് മിസൈലുകള്‍ തടഞ്ഞു. മറ്റ് നാലെണ്ണം ഗള്‍ഫ് ഉള്‍ക്കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും പതിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ 39 ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇന്നലെ അറിയിച്ചിരുന്നു. സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനവും വ്യോമസേനയും ഏകദേശം 811 ഡ്രോണുകള്‍, 51 ബാലിസ്റ്റിക് മിസൈലുകള്‍, 7 ക്രൂയിസ് മിസൈലുകള്‍ എന്നിവ വിജയകരമായി തടഞ്ഞു നശിപ്പിച്ചിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും കിഴക്കന്‍ പ്രവിശ്യയും റിയാദും ലക്ഷ്യമിട്ടാണ് ഇറാന്‍ തൊടുത്തുവിട്ടത്.
അതിനിടെ, എമര്‍ജന്‍സി സാഹചര്യങ്ങള്‍ക്കായുള്ള ദേശീയ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോമില്‍ നിന്ന് അല്‍ഖര്‍ജ് ഗവര്‍ണറേറ്റില്‍ ഇന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. തുറന്ന സ്ഥലങ്ങളില്‍ നിന്നും ചില്ലുകളില്‍ നിന്നും അകന്നുനില്‍ക്കാനും ബാല്‍ക്കണികളിലും മേല്‍ക്കൂരകളിലും നില്‍ക്കുന്നത് ഒഴിവാക്കാനും പുറത്താണെങ്കില്‍ അടുത്തുള്ള കെട്ടിടത്തിലോ കട്ടിയുള്ള ഭിത്തിക്കു പിന്നിലോ അഭയം തേടാനും സിവില്‍ ഡിഫന്‍സ് സ്വദേശികളോടും പ്രവാസികളളോടും അഭ്യര്‍ഥിച്ചു. ഒത്തുചേരലുകളും ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നതും ഒഴിവാക്കണം. അപകടസാധ്യത നീങ്ങുന്നതു വരെ അപകടകരവും തുറന്നതുമായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.



