ജിസാന്‍: ഇരുപതു ദിവസം മുമ്പ് ദക്ഷിണ സൗദിയിലെ ജിസാന്‍ ഗവര്‍ണറേറ്റില്‍ പെട്ട സ്വാംതയിലെ അല്ലുഖ്യ ഗ്രാമത്തിലെ വീട്ടിലുണ്ടായ ഭീകരമായ അഗ്‌നിബാധയില്‍ ഭാര്യയെയും നാല് മക്കളെയും നഷ്ടപ്പെട്ട കുടുംബത്തിലെ ഗൃഹനാഥനായ അബ്ദുറഹ്‌മാന്‍ ഹസ്സന്‍ മഹ്നശി ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജിസാന്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കുടുംബത്തിന്റെ വീട്ടിലുണ്ടായ അഗ്‌നിബാധയില്‍ അമ്മ വഫാ മഹ്നശി (43 വയസ്സ്), മക്കളായ വസന്‍ (11 വയസ്സ്), കയാന്‍ (10 വയസ്സ്), സൗദ് (3 വയസ്സ്), ലാന (1 വയസ്സ്) എന്നിവരാണ് ദാരുണമായി മരിച്ചത്.
അഗ്‌നിബാധയില്‍ മരണപ്പെവരുടെ മയ്യിത്തുകള്‍ നാളെ ഖബറടക്കുമെന്ന് സ്വാംതയില്‍ മയ്യിത്ത് പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ രിഫ്ഖ് അസോസിയേഷന്‍ തലവനായ അബ്ദുല്ല ബിന്‍ ഇബ്രാഹിം അകൂര്‍ സ്ഥിരീകരിച്ചു. മയ്യിത്തുകള്‍ കുളിപ്പിച്ച് കഫന്‍ ചെയ്യാനായി ആറ് വനിതകള്‍ അടങ്ങിയ സംഘം രൂപീകരിച്ചിട്ടുണ്ട്. മയ്യിത്ത് പരിപാല കേന്ദ്രത്തില്‍ നിന്ന് മയ്യിത്തുകള്‍ നീക്കം ചെയ്യാന്‍ മൂന്ന് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. അബൂഹജര്‍ അല്‍അഅ്ലാ ഗ്രാമത്തിലെ ശൈഖ് അലി അല്‍ഹാരിസി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. തുര്‍ന്ന് മയ്യിത്തുകള്‍ അല്ലുഖ്യ ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്നും ശൈഖ് അലി അല്‍ഹാരിസി പറഞ്ഞു.
2026 ജൂലൈ 21 ചൊവ്വാഴ്ച വൈകുന്നേരമാണ് അഗ്‌നിബാധയെ കുറിച്ചുള്ള റിപ്പോര്‍ട്ട് സ്വാംത ജനറല്‍ ആശുപത്രിക്ക് ലഭിച്ചതെന്ന് ജിസാന്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ വക്താവ് ജിബ്രീല്‍ അല്‍ഖുബയ് വിശദീകരിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ വിദഗ്ധ ചികിത്സക്കായി സ്വാംത ജനറല്‍ ആശുപത്രിയില്‍ നിന്ന് പിന്നീട് ജിസാനിലെ കിംഗ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും ജിബ്രീല്‍ അല്‍ഖുബയ് പറഞ്ഞു.







