ദുബൈ– പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബൈയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹിന്ദു ക്ഷേത്രത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വലിയ ആഴ്ചയിലെ പ്രധാന ചടങ്ങായ ദുഃഖവെള്ളി തിരുകർമ്മങ്ങൾ ഉൾപ്പെടെ പള്ളികളിലെ പൊതുവായ ഒത്തുചേരലുകൾ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദ്ദേശത്തെത്തുടർന്നാണ് പാതിരാ കുർബാന ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് നിയന്ത്രണം വന്നത്. വിശ്വാസികൾ പള്ളികളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പ്രാർത്ഥനകളിൽ പങ്കുചേരണമെന്ന് അധികൃതർ സർക്കുലറിലൂടെ നിർദ്ദേശിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്നും എല്ലാ സഭാധികൃതരും ഇതിനോട് സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യുഎഇ സർക്കാരിൽ നിന്നുള്ള കർശന നിർദ്ദേശത്തെത്തുടർന്ന് ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അടച്ചിടുമെന്ന് വികാരി ഫാ. അജു ഏബ്രഹാം അറിയിച്ചു. ജബൽ അലി സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. ഇവിടെ ഓൺലൈൻ സ്ട്രീമിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്നും പള്ളി അധികൃതർ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്. പള്ളികൾക്ക് പുറമെ ദുബൈ ജബൽ അലിയിലെ ഹിന്ദു ക്ഷേത്രവും അധികൃതരുടെ നിർദ്ദേശപ്രകാരം അടച്ചു. അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെ ക്ഷേത്രത്തിലേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല.
ദുബൈ ഊദ് മേത്തയിലെ സെന്റ് മേരീസ് കാത്തലിക് ചർച്ച്, ഹോളി ട്രിനിറ്റി ചർച്ച്, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച്, സെന്റ് മിന കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, സിഎസ്ഐ പാരിഷ് എന്നീ പ്രധാന ദേവാലയങ്ങൾക്കെല്ലാം ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ഈ പള്ളികളിലെ പ്രത്യേക പ്രാർത്ഥനകൾ നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും നടക്കുക. മിക്കയിടങ്ങളിലും ശുശ്രൂഷകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഗണിച്ച് വിശ്വാസികൾ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
https://www.facebook.com/share/18d7EiMJG6/
https://www.facebook.com/share/p/1B5sv8ScvQ/
https://www.facebook.com/share/p/1CATFLmJXm/



