ജിദ്ദ – യെമനില്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ 20 ലക്ഷം ഡോളറിന്റെ സഹായം നല്‍കുന്നു. ഇതിനുള്ള കരാറില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററും ലോകാരോഗ്യ സംഘടനയും ഒപ്പുവെച്ചു. പുതിയ ധനസഹായത്തിലൂടെ യെമനില്‍ നിലവിലുള്ള കോളറ പ്രതിസന്ധി നേരിടാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ ശക്തിപ്പെടുത്തുകയാണ്. നാലാമത് റിയാദ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറത്തിനിടെ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ഓപ്പറേഷന്‍സ് ആന്റ് പ്രാഗ്രാംസ് അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ അഹ്മദ് ബിന്‍ അലി അല്‍ബാഇസും ലോകാരോഗ്യ സംഘടന റീജ്യയണല്‍ ഡയറക്ടര്‍ ഡോ. ഹനാന്‍ ബല്‍ഖിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
പുതിയ ധനസഹായത്തോടെ യെമനില്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ മൊത്തം സാമ്പത്തിക സഹായം 50 ലക്ഷം ഡോളറായി ഉയര്‍ന്നു. മരുന്നുകള്‍, ഇന്‍ട്രാവെനസ് സൊല്യൂഷനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ വസ്തുക്കള്‍ ആശുപത്രികള്‍ക്കും ഹെല്‍ത്ത് സെന്ററള്‍ക്കും വിതരണം ചെയ്യാന്‍ സൗദി സഹായം ഉപയോഗിക്കും. മെഡിക്കല്‍ സഹായത്തിന് പുറമെ, പരിസ്ഥിതി ശുചിത്വം, ജല മാനേജ്‌മെന്റ്, സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവക്കും പിന്തുണ നല്‍കും. രോഗവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന വാക്‌സിനേഷന്‍ കാമ്പെയ്നുകളും കരാര്‍ ശക്തമാക്കും.
2014 ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു ശേഷം ലോകത്തിലെ ഏറ്റവും മോശമായ കോളറ വ്യാപനങ്ങളില്‍ ഒന്നിനാണ് യെമന്‍ സാക്ഷ്യം വഹിക്കുന്നത്. വര്‍ഷങ്ങളായി നീണ്ടുനിന്ന യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ ദുര്‍ബലമായ ആരോഗ്യ സംവിധാനം രോഗത്തിന്റെ ആവര്‍ത്തിച്ചുള്ള വ്യാപനം നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന കോളറ, 2017 മുതല്‍ യെമനില്‍ 20 ലക്ഷത്തിലേറെ ആളുകളെ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ കോളറ ബാധിച്ച് മരണപ്പെട്ടു. ഇക്കൂട്ടത്തില്‍ പലരും കുട്ടികളാണ്.