സൗദിഅറേബ്യന്‍ വാണിജ്യ മേഖല അടക്കി വാഴുന്നത് ഇനി വനിതകളാവുമോ?. ആശ്ചര്യപ്പെടേണ്ടതില്ല. അനുദിനമുള്ള വാണിജ്യ വ്യാപാര മേഖലകളിലെ മുന്നേറ്റം അതാണ് സൂചിപ്പിക്കുന്നത്. സൗദി സ്ത്രീകള്‍ രാജ്യത്തിന്റെ നൂതന സാങ്കേതിക വിദ്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ തത്പരരാണ് എന്നതാണ് കണക്കുകള്‍.
ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്ററിന്റെ 2021-2022 സൗദിഅറേബ്യന്‍ വനിതാ റിപ്പോര്‍ട്ട് പ്രകാരം, സൗദി സ്ത്രീകളില്‍ 95 ശതമാനം പേരും സംരംഭകത്വത്തെ ഒരു നല്ല കരിയര്‍ തെരഞ്ഞെടുപ്പായി പരിഗണിക്കുന്നു. 93 ശതമാനം പേര്‍ പുതിയ ബിസിനസുകള്‍ക്കുള്ള പ്രായോഗിക അവസരങ്ങളെ മനസ്സിലാക്കുന്നവരാണ്. 90% പേര്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് എളുപ്പമാണെന്ന് വിശ്വസിക്കുന്നവരുമാണ്. ലോക ബാങ്കിന്റെ വനിതാ ബിസിനസ് ആന്‍ഡ് ദി ലോ 2024 റിപ്പോര്‍ട്ട് പ്രകാരം, സ്ത്രീകള്‍ ജോലി ചെയ്യാനുള്ള തീരുമാനങ്ങള്‍, ഇക്വിറ്റി നല്‍കല്‍, ബിസിനസ്സ് ഉടമസ്ഥാവകാശം, പെന്‍ഷന്‍ എന്നിവയെ ബാധിക്കുന്ന നിയമങ്ങളില്‍ സൗദി അറേബ്യ ഇപ്പോള്‍ 100-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. അതിനിടെ 2025-ന്റെ മൂന്നാം പാദത്തില്‍ സൗദി വാണിജ്യ മന്ത്രാലയം അനുവദിച്ച മൊത്തം വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 1,28,000 കവിഞ്ഞപ്പോള്‍ അവയിലും 49 ശതമാനം വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകളാണെന്നതും ശ്രദ്ധേയമായി.
സൗദി അറേബ്യയിലെ വനിതാ സംരംഭകരുടെ ഉയര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് നിയമ പരിഷ്‌കാരങ്ങളാണ്. സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന സ്ത്രീ സംരഭങ്ങള്‍ ഏറെയുണ്ട് എന്നതും മുഖ്യം. ഒപ്പം സാമൂഹിക സ്വീകാര്യതയും. പുരുഷ രക്ഷാകര്‍തൃത്വമില്ലാതെ സ്ത്രീകള്‍ ബിസിനസുകള്‍ ആരംഭിക്കാനും നടത്താനുമുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് പ്രധാനമാണ്. 2018-ലാണ് സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വാഹനമോടിക്കാനുള്ള അവകാശവും അവരുടെ മൊബിലിറ്റി വര്‍ധിപ്പിച്ചതുമുള്‍പ്പെടെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. ബിസിനസ്സ് അവസരങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കാനും സഊദി ഔദ്യോഗികമായി പ്രായോഗിക നീക്കമാരംഭിച്ചത് വനിതാ മുന്നേറ്റത്തിന് സഹായിച്ചു. തുല്യ വേതനവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള വിവേചന വിരുദ്ധ നിയമങ്ങളും വളര്‍ച്ചയെ സഹായിച്ച ഘടകമാണ്.
2017 നും 2021 നും ഇടയില്‍, സൗദി വനിതാ തൊഴില്‍ പങ്കാളിത്ത നിരക്ക് 17.4% ല്‍ നിന്ന് 35.6% ആയി ഇരട്ടിയായിട്ടാണ് വര്‍ധിച്ചത്. 2024-ല്‍ അത് 36 ശതമനത്തിന് മുകളിലായി ഉയര്‍ന്നു. സൗദി വിഷന്‍ 2030 ലക്ഷ്യമായ വനിതാ തൊഴില്‍ നിരക്ക് 30% എന്ന ധാരണയെ 2021-ല്‍ തന്നെ മറികടന്നുവെന്നത് വാണിജ്യ മേഖലക്ക് പുറമെ തൊഴിലിലും വനിതാ മുന്നേറ്റം അതിവേഗമാണെന്നതിന്റെ സൂചനയാണ്.
സൗദി അറേബ്യ-വിഷന്‍ 2030 ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഭരണകൂടം മുന്നേറുമ്പോള്‍, സാമ്പത്തിക വൈവിധ്യവത്കരണം അതില്‍ മുഖ്യമാണ്. ദീര്‍ഘകാല അഭിവൃദ്ധിക്കുള്ള നേതൃനിരയെ വാര്‍ത്തെടുക്കുമ്പോള്‍ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നത് മുഖ്യഘടകമായിട്ടാണ് കാണുന്നത്. സൗദി അറേബ്യയുടെ ചെറുകിട, ഇടത്തരം സംരംഭക അതോറിറ്റിയായ മുന്‍ഷാഅത്ത് പോലുള്ള സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക് ഗ്രാന്റുകള്‍, പരിശീലനം, മറ്റ് ബിസിനസ് വികസന പിന്തുണ എന്നിവ നല്‍കി സംരംഭകത്വത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ധനസഹായത്തിലൂടെയും മെന്റര്‍ഷിപ്പ് സംരംഭങ്ങളിലൂടെയും വനിതാ സംരംഭകരെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നേതൃത്വത്തിലുള്ള മറ്റു പരിപാടികളും സജീവമാണ്. ഗ്രാമപ്രദേശങ്ങളിലും താഴ്ന്ന വരുമാനക്കാരിലും ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും ഒരേ അവസരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ നിരന്തര ശ്രമങ്ങള്‍ കൂടി വന്നാല്‍ വനിതാ സംരഭകത്വ മേഖലയില്‍ ഒരു ആഗോള മാതൃക സൃഷ്ടിക്കാന്‍ തന്നെ സഊദി അറേബ്യക്ക് കഴിയും.
”സഊദിഅറേബ്യയുടെ സാമ്പത്തിക ശാക്തീകരണത്തിന് സ്ത്രീകളുടെ പങ്കാളിത്തം മുഖ്യമാണ്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ രാജ്യത്തെ വാണിജ്യമേഖലകളില്‍ ഉണ്ട്. പെട്രോളിയേതര മേഖലകളിലേക്ക് വാണിജ്യ വ്യവസായങ്ങളെ വൈവിധ്യവല്‍ക്കരിക്കാന്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഏറെ സഹായിക്കും.” -മധ്യപൂര്‍വ്വേഷ്യയിലെ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ അഅ്‌നാബിന്റെ സഹസ്ഥാപക മുനീറ ജംജൂം വ്യക്തമാക്കുന്നു.



