മക്ക: വിശുദ്ധ ഹറമില്‍ പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കുവേണ്ടി വിവിധ ഇടങ്ങളിൽ വീല്‍ചെയറുകള്‍ ലഭ്യമാണെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. കിഴക്കു ഭാഗത്തെ മുറ്റത്ത് അല്‍സലാം ഗെയ്റ്റ് (ഗേറ്റ് 19), പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് അല്‍ശുബൈക പാലം (ഗേറ്റ് 64) എന്നിവിടങ്ങളില്‍ സൗജന്യ ഉപയോഗത്തിനുള്ള വീല്‍ചെയറുകള്‍ എല്ലാസമയങ്ങളിലും ലഭിക്കും.
ഫീസ് നല്‍കി ഉപയോഗിക്കാവുന്ന വീല്‍ചെയറുകള്‍ മസ്അ ഗ്രൗണ്ട് ഫ്‌ളോര്‍ ഗേറ്റ് 14ലും മസ്അ ഒന്നാം നിലയില്‍ അല്‍അര്‍ഖം എക്‌സലേറ്റര്‍ ഗേറ്റ് 16ലും പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് അല്‍ശുബൈക പാലം ഗേറ്റ് 64ലും തെക്കു ഭാഗത്തെ മുറ്റത്ത് രണ്ടാം നമ്പര്‍ ടോയ്‌ലെറ്റ് കോംപ്ലക്‌സിനു സമീപവും ലഭിക്കും.
ഇവ കൂടാതെ കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാവുന്ന വലിയ ഇലക്ട്രിക് കാര്‍ട്ടുകളുമുണ്ട്. പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് അല്‍ശുബൈക പാലത്തിനു (ഗേറ്റ് 64) സമീപവും അജ്‌യാദ് എസ്‌കലേറ്ററിനു സമീപം നാലാം നമ്പര്‍ ഗെയ്റ്റിലും ഒന്നാം നിലയില്‍ അജ്‌യാദ് എസ്‌കലേറ്ററിനു സമീപം നാലാം നമ്പര്‍ ഗെയ്റ്റിലും വലിയ ഗോള്‍ഫ് കാര്‍ട്ടുകളുടെ സേവനം ലഭ്യമാണ്. ഇവയില്‍ ത്വവാഫ് കര്‍മം നിര്‍വഹിക്കാനും സഅ്‌യ് കര്‍മം നിര്‍വഹിക്കാനും 50 റിയാല്‍ വീതമാണ് ഫീസ്. വലിയ ഇലക്ട്രിക് കാര്‍ട്ടുകളുടെ സേവനം ഭിന്നശേഷിക്കാർക്ക് സൗജന്യമാണ്. ഇവക്കു പുറമെ ഒറ്റ സീറ്റും ഇരട്ട സീറ്റുകളുമുള്ള നൂറു കണക്കിന് ഇലക്ട്രിക് വീല്‍ചെയറുകളും ഹറമില്‍ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വീല്‍ചെയര്‍, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഹറമിന്റെ മുറ്റങ്ങളിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഹറംകാര്യ വകുപ്പ് അറിയിച്ചു.