ജിദ്ദ – റിയാദ് പ്രവിശ്യയിലെ ദിരിയ, അല്‍ഖര്‍ജ്, ദലം എന്നിവിടങ്ങളിലും തബൂക്ക് പ്രവിശ്യയിലും മക്ക പ്രവിശ്യയിലെ ജിദ്ദ, തുവല്‍ എന്നിവിടങ്ങളിലും സിവില്‍ ഡിഫന്‍സ് നാളെ ഫിക്‌സഡ് സൈറണ്‍ ടെസ്റ്റ് നടത്തും. സാമൂഹിക അവബോധം വര്‍ധിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഔദ്യോഗിക അലേര്‍ട്ടുകളോടുള്ള ജനങ്ങളുടെ പ്രതികരണം ഉറപ്പാക്കാനുമാണ് പരീക്ഷണം നടത്തുന്നത്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമതയും അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങളുടെ സുസജ്ജതയും ഉറപ്പാക്കാനാണ് വാണിംഗ് സൈറണ്‍ പരീക്ഷണം.
ഉച്ചക്ക് ഒരു മണിക്ക് പുതിയ ബിഹേവിയര്‍ ടോണ്‍ വഴിയും ഉച്ചക്ക് 1.10 ന് നാഷണല്‍ അലേര്‍ട്ട് ടോണ്‍ വഴിയും ഉച്ചക്ക് 1.15 ന് നിയുക്ത പ്രദേശങ്ങളില്‍ ഫിക്‌സഡ് സൈറണുകള്‍ വഴിയും മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യും. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഫിക്‌സഡ് സൈറണുകള്‍ പരീക്ഷിക്കുന്നതിനൊപ്പം നാഷണല്‍ എമര്‍ജന്‍സി ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോമില്‍ സെല്ലുലാര്‍ ബ്രോഡ്കാസ്റ്റിംഗ് വഴി രാജ്യത്തുടനീളമുള്ള മൊബൈല്‍ ഫോണുകളിലേക്ക് വ്യതിരിക്തമായ ഓഡിയോ ടോണിനൊപ്പം മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യും.