ഏപ്രില്‍ 26 ന് വൈകീട്ട് അഞ്ചിന് വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പരിപാടി നടക്കും
ജിദ്ദ – സൗദിയിലെ ഏറ്റവും വലിയ സാമൂഹികാരോഗ്യ പരിപാടികളിലൊന്നായ ‘വാക്ക് 30’ന്റെ അഞ്ചാം പതിപ്പില്‍ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 26 ശനിയാഴ്ച വൈകീട്ട് അഞ്ചിന് രാജ്യത്തുടനീളമുള്ള ഏതാനും നഗരങ്ങളിലും പ്രവിശ്യകളിലുമായി പരിപാടി നടക്കും. ആരോഗ്യകരമായ ജീവിതശൈലിക്ക് നടത്തം പ്രോത്സാഹിപ്പിക്കാനും, വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിപാടി. ആഴ്ചയില്‍ 150 മിനിറ്റ് നടക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കാൻ കൂടി ഉന്നമിട്ടുള്ള സംവേദനാത്മക ആരോഗ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളും അടക്കം സമൂഹത്തിലെ എല്ലാ അംഗങ്ങളെയും മന്ത്രാലയം ക്ഷണിച്ചു.

ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആയുര്‍ദൈര്‍ഘ്യം 80 വര്‍ഷമായി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. സൗദി വിഷന്‍ 2030 ന്റെയും ലക്ഷ്യങ്ങളെ പിന്തുണക്കാനും ശാരീരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച സാമൂഹിക അവബോധം വളര്‍ത്താനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2019 ലാണ് ‘വാക്ക് 30’ പരിപാടി ആരംഭിച്ചത്. അന്നു മുതല്‍ പരിപാടി തുടര്‍ച്ചയായ വിജയങ്ങള്‍ കൈവരിക്കുകയും രാജ്യത്തുടനീളം വ്യാപകമായ പങ്കാളിത്തം നേടുകയും ചെയ്തു. ആരോഗ്യ പ്രോത്സാഹന മേഖലയിലെ ഏറ്റവും വലിയ സുസ്ഥിര സാമൂഹിക പദ്ധതികളിലൊന്നായി പരിപാടി മാറി. മികച്ച ആരോഗ്യ-ക്ഷേമ കാമ്പെയ്നിനുള്ള കോട്ലര്‍ ഗ്ലോബല്‍ അവാര്‍ഡ് ‘വാക്ക് 30’ പരിപാടിക്ക് ലഭിച്ചിട്ടുണ്ട്.