ജിദ്ദ – സൗദിയിലെ ഏറ്റവും വലിയ സാമൂഹികാരോഗ്യ പരിപാടികളിലൊന്നായ ‘വോക്ക് 30’ ന്റെ അഞ്ചാം പതിപ്പ് വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടന്ന പരിപാടിയില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ അഞ്ചാമത് ‘വാക്ക് 30’ റിയാദില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെങ്ങുമായി പ്രധാന നഗരങ്ങളിലെയും ഗവര്‍ണറേറ്റുകളിലെയും 124 കേന്ദ്രങ്ങളില്‍ നടന്ന പരിപാടി വലിയ സമൂഹ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.

സൗദി വിഷന്‍ 2030 പ്രോഗ്രാമുകളിലൊന്നായ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാം ലക്ഷ്യങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കാനും വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനും ‘വാക്ക് 30’ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്ന് പ്രതിരോധത്തിലേക്കുള്ള ആരോഗ്യ സംവിധാനത്തിന്റെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന പരിവര്‍ത്തന മാതൃകയാണ് ഈ പരിപാടി. ജീവിത നിലവാരം മെച്ചപ്പെടുത്താനും സമൂഹത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അനുപാതം 13 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിക്കാനും ഇത് നേരിട്ട് സഹായിക്കുന്നു.
റിയാദ് പ്രൊമെനേഡ് സ്പോര്‍ട്സ് ട്രാക്കിലും അസീര്‍ പ്രവിശ്യയില്‍ 38 സ്ഥലങ്ങളിലും ജിസാന്‍ പ്രവിശ്യയില്‍ 26 സ്ഥലങ്ങളിലും അല്‍ഖസീം പ്രവിശ്യയില്‍ 14 സ്ഥലങ്ങളിലും തബൂക്ക്, ഹായില്‍ പ്രവിശ്യകളില്‍ ഒമ്പതു സ്ഥലങ്ങളില്‍ വീതവും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ എട്ടു സ്ഥലങ്ങളിലും ബീശയില്‍ അഞ്ചു സ്ഥലങ്ങളിലും കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടിടങ്ങളിലും മക്ക, ജിദ്ദ, മദീന, തായിഫ്, അല്‍ബാഹ, ഖുന്‍ഫുദ, നജ്റാന്‍, അല്‍ഹസ, ഹഫര്‍ അല്‍ബാത്തിന്‍, ഖുറയ്യാത്ത്, അല്‍ജൗഫ് എന്നിവിടങ്ങളില്‍ ഓരോ സ്ഥലങ്ങളിലും ‘വാക്ക് 30’ പരിപാടി നടന്നു.
റിയാദിലെ പ്രധാന പദ്ധതികളിലൊന്നായ സ്പോര്‍ട്സ് ട്രാക്കിലാണ് ‘വാക്ക് 30’ സംരംഭത്തിന്റെ പ്രധാന പരിപാടി നടക്കുന്നതെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ പറഞ്ഞു.
സ്പോര്‍ട്സിനെ ദൈനംദിന ജീവിതശൈലിയുടെ ഭാഗമാക്കിമാറ്റലാണ് പരിപാടിയുടെ ലക്ഷ്യം. ”വാക്ക് 30” സംരംഭം വെറുമൊരു സ്പോര്‍ട്സ് പരിപാടി മാത്രമല്ല. മറിച്ച്, ഊര്‍ജസ്വലവും സജീവവും ആരോഗ്യകരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന കാര്യത്തില്‍ രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ യഥാര്‍ഥ വിവര്‍ത്തനമാണിത്. ആഴ്ചയില്‍ 150 മിനിറ്റോ അതില്‍ കൂടുതലോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നവരുടെ അനുപാതം ദേശീയ തലത്തില്‍ 58 ശതമാനത്തില്‍ എത്തുന്നു എന്നത് ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച സാമൂഹികാവബോധം വര്‍ധിച്ചുവരുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
റിയാദിന്റെ ആഗോള നിലവാരം ഉയര്‍ത്തുക, ലോകത്ത് ഏറ്റവും താമസയോഗ്യമായ നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുക എന്നിവയാണ് സ്‌പോര്‍ട്‌സ് ട്രാക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌പോര്‍ട്‌സ് ട്രാക്ക് ഫൗണ്ടേഷന്‍ സി.ഇ.ഒ ജെയ്ന്‍ മക്ഗിവേണ്‍ പറഞ്ഞു. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയും, വ്യക്തികള്‍ മാന്യമായ ജീവിതം ആസ്വദിക്കുന്ന സമൂഹം, ആരോഗ്യകരമായ ജീവിതശൈലി, റിയാദിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പോസിറ്റീവും ആകര്‍ഷകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പശ്ചാത്തലം എന്നിവ കെട്ടിപ്പടുക്കുന്നതിലൂടെയും വിഷന്‍ 2030 ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കാന്‍ സ്‌പോര്‍ട്‌സ് ട്രാക്ക് സഹായിക്കുന്നതായും ജെയ്ന്‍ മക്ഗിവേണ്‍ പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി നടത്ത സംസ്‌കാരം പ്രോത്സാഹിപ്പിക്കാനായി ആരോഗ്യ മന്ത്രാലയം ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സംരംഭങ്ങളിലൊന്നാണ് ‘ലൈവ് ഹെല്‍ത്തി’ ഇനീഷ്യേറ്റീവിന്റെ ഭാഗമായ ‘വാക്ക് 30’. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും ദീര്‍ഘായുസ്സിന്റെ സാധ്യത വര്‍ധിപ്പിക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമായി ‘ലൈവ് ഹെല്‍ത്തി’ ദിവസവും 30 മിനിറ്റ് നടത്തം ശുപാര്‍ശ ചെയ്യുന്നു.
‘വാക്ക് 30’ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രണ്ടാഴ്ച മുമ്പ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു.
ആരോഗ്യകരമായ ജീവിതശൈലിക്ക് നടത്തം ഒരു ദൈനംദിന ഓപ്ഷനായി പ്രോത്സാഹിപ്പിക്കാനും, വിട്ടുമാറാത്ത രോഗങ്ങള്‍ തടയാനും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും ആഴ്ചയില്‍ 150 മിനിറ്റ് നടക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംവേദനാത്മക ആരോഗ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ സമൂഹത്തിലെ നാനാതുറകളിലും പെട്ടവര്‍ മുന്നോട്ടുവന്നു.
ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആയുര്‍ദൈര്‍ഘ്യം 80 വര്‍ഷമായി ഉയര്‍ത്താനും ലക്ഷ്യമിടുന്ന ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെയും സൗദി വിഷന്‍ 2030 ന്റെയും ലക്ഷ്യങ്ങളെ പിന്തുണക്കാനും ശാരീരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച സാമൂഹിക അവബോധം വളര്‍ത്താനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് എല്ലാ വര്‍ഷവും ‘വാക്ക് 30’ പരിപാടി സംഘടിപ്പിക്കുന്നത്. 2019 ലാണ് ‘വാക്ക് 30’ പരിപാടി ആരംഭിച്ചത്. അന്നു മുതല്‍ പരിപാടി തുടര്‍ച്ചയായ വിജയങ്ങള്‍ കൈവരിക്കുകയും രാജ്യത്തുടനീളം വ്യാപകമായ പങ്കാളിത്തം നേടുകയും ചെയ്തു. ആരോഗ്യ പ്രോത്സാഹന മേഖലയിലെ ഏറ്റവും വലിയ സുസ്ഥിര സാമൂഹിക പദ്ധതികളിലൊന്നായി പരിപാടി മാറി. മികച്ച ആരോഗ്യ-ക്ഷേമ കാമ്പെയ്നിനുള്ള കോട്ലര്‍ ഗ്ലോബല്‍ അവാര്‍ഡ് ‘വാക്ക് 30’ പരിപാടിക്ക് ലഭിച്ചിട്ടുണ്ട്.