മക്ക – പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്നലെ അര്‍ധരാത്രിക്കു ശേഷം (ഇന്ന് പുലര്‍ച്ചെ മുതല്‍) പ്രാബല്യത്തില്‍ വന്നതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ദുല്‍ഹജ് 13 അര്‍ധരാത്രി വരെ വിലക്ക് പ്രാബല്യത്തിലുണ്ടാകും. നിയമാനുസൃത ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവര്‍ക്ക് ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഹജ് സുരക്ഷാ സേന പറഞ്ഞു. പെര്‍മിറ്റില്ലാത്തവരില്‍ ഒരാള്‍ക്ക് 50,000 റിയാല്‍ വരെ തോതില്‍ ഡ്രൈവര്‍മാര്‍ക്ക് പിഴയും ചുമത്തും. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമ നടപടികളിലൂടെ കണ്ടുകെട്ടും. പെര്‍മിറ്റില്ലാത്തവരെ കടത്തുന്ന വിദേശികളായ ഡ്രൈവര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും.
ഹജ് പെര്‍മിറ്റില്ലാതെ മക്കയിലും ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും റുസൈഫ റെയില്‍വെ സ്റ്റേഷനിലും ചെക്ക് പോസ്റ്റുകളിലും സോര്‍ട്ടിംഗ് കേന്ദ്രങ്ങളിലും താല്‍ക്കാലിക ചെക്ക് പോയിന്റുകളിലും വെച്ച് പിടിയിലാകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും 10,000 റിയാല്‍ തോതില്‍ പിഴ ചുമത്തും. വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കുമേര്‍പ്പെടുത്തുമെന്ന് ഹജ് സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group