വാഷിംഗ്ടണ്‍ – സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിന്‍, മെഡിക്കല്‍ ഉപകരണ വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്കന്‍ കമ്പനികൾക്ക് ക്ഷണം. വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫാണ് വാഷിംഗ്ടണില്‍ നടന്ന സൗദി-യു.എസ് നിക്ഷേപ ഫോറത്തിന്റെ ഭാഗമായി പ്രമുഖ യു.എസ് ആരോഗ്യ സംരക്ഷണ കമ്പനികളുമായി വട്ടമേശാ യോഗത്തില്‍ പങ്കെടുത്താണ് അമേരിക്കന്‍ കമ്പനികളെ സൗദിയിലേക്ക് ക്ഷണിച്ചത്.
നവീകരണത്തിലൂടെയും ബയോടെക്‌നോളജിയിലൂടെയും ആരോഗ്യ സംരക്ഷണം വികസിപ്പിക്കല്‍ എന്ന വിഷയത്തില്‍ നടന്ന യോഗത്തില്‍, സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിന്‍, മെഡിക്കല്‍ ഉപകരണ വ്യവസായങ്ങളില്‍ ലഭ്യമായ മികച്ച നിക്ഷേപാവസരങ്ങള്‍ മന്ത്രി വിശദീകരിച്ചു. ഈ മേഖലകളില്‍ നിക്ഷേപം ഉത്തേജിപ്പിക്കാനും വ്യാവസായിക സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കാനും അതുവഴി ദേശീയ ആരോഗ്യ, ഔഷധ സുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ആഗോള വ്യാവസായിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കാനും വ്യവസായ, ധാതുവിഭവ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന പ്രോത്സാഹനങ്ങളെ കുറിച്ചും മന്ത്രി ചർച്ചയിൽ ഉൾപ്പെടുത്തി.
ഔഷധ നിര്‍മ്മാണത്തിന്റെ പ്രാദേശികവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിലും പ്രമുഖ ആഗോള കമ്പനികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലും നിയന്ത്രണ, നിയമനിര്‍മ്മാണ ചട്ടക്കൂടുകളുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിലും ഈ മേഖലയിലെ പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് സുതാര്യതാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും സൗദിയിലെ വാക്‌സിന്‍, ബയോഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ സമിതി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. സൗദിയിലെ ആരോഗ്യ സംരക്ഷണ മേഖല ദ്രുതഗതിയിലുള്ള വളര്‍ച്ചക്കും കാരണമാകുന്നു.
ആരോഗ്യ സംരക്ഷണ മേഖലയുടെ വിപണി മൂല്യം 70 ബില്യണ്‍ ഡോളറിലും സൗദി ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായ വിപണി മൂല്യം 11.5 ബില്യണ്‍ ഡോളറിലും മെഡിക്കല്‍ ഉപകരണ വ്യവസായ വിപണി മൂല്യം 6.5 ബില്യണ്‍ ഡോളറിലുമെത്തിയിട്ടുണ്ട്. ലോക്കല്‍ കണ്ടന്റ് പ്രോഗ്രാം, ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാം എന്നിവയുള്‍പ്പെടെ നിരവധി ദേശീയ സംരംഭങ്ങളും പ്രോഗ്രാമുകളും നയിക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ട്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍സല്‍മിയും വ്യവസയ, ധാതുവിഭവ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രമുഖ അമേരിക്കന്‍ കമ്പനികളുമായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി നടത്തിയ യോഗം, ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും സാങ്കേതികവിദ്യയും അറിവും കൈമാറ്റം ചെയ്യുന്നതിലൂടെയും ഗുണനിലവാരമുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലൂടെയും ഔഷധ, മെഡിക്കല്‍ വ്യവസായങ്ങളെ പ്രാദേശികവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദേശീയ വ്യാവസായിക തന്ത്രത്തിന്റെയും വിഷന്‍ 2030 ന്റെയും ലക്ഷ്യങ്ങളാണ്.



