നജ്റാൻ: ഹൃദയാഘാതത്തെ തുടർന്ന് നജ്റാനിൽ നിര്യാതനായ യു.പി സ്വദേശി അവദ് നാരായൺ ചൗഹാന്റെ (43) മൃതദേഹം നജ്റാൻ ഒ.ഐ.സി.സി പ്രസിഡന്റ് എം.കെ ഷാക്കിറിന്റെ നേതൃത്വത്തിലുള്ള വെൽഫയർ വിംഗിന്റെ സഹായത്തോടെ നാട്ടിലേക്കയച്ചു. ഇരുപത്തി രണ്ട് വർഷമായി നജ്റാനിലെ അൽ മസാർ കൺസ്ട്രഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു അവദ് നാരായൺ ചൗഹാൻ.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാൻ എക്സിറ്റ് അടിച്ച് കാത്തിരിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എംബാമിങ് ചെയ്യുന്നതിനും മറ്റു തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാൻ സാധിച്ചത് ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യൂ മെമ്പർ കൂടിയായ എം.കെ ഷാക്കിർ കൊടശേരിയുടെ ശ്രമഫലമായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ ടി.എൽ അരുൺ കുമാർ, രാജു കണ്ണൂർ(വെൽഫെയർ വിംഗ് കൺവീനർ), ഫൈസൽ പൂക്കോട്ടുപാടം(മീഡിയ കൺവീനർ), വിനോദ് കണ്ണൂർ എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.