ജിദ്ദ – ഇത്തവണത്തെ ഹജ് ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത ദിവസമായ ദുല്‍ഹജ് പതിനാലു (മെയ് 31) മുതല്‍ വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസ വിതരണം, സൗദി ഉംറ സര്‍വീസ് കമ്പനികളുമായുള്ള കരാറുകള്‍, തീര്‍ഥാടകരെ സ്വീകരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട തീയതികളും ഇലക്ട്രോണിക് സേവനങ്ങളും അടങ്ങിയ പുതിയ ഉംറ സീസണ്‍ കലണ്ടര്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
കലണ്ടര്‍ അനുസരിച്ച് ദുല്‍ഹജ് 14 ന് (മെയ് 31, 2026) ഉംറ വിസകള്‍ അനുവദിക്കുകയും തീര്‍ഥാടകര്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ ആരംഭിക്കുകയും ചെയ്യും. ദുല്‍ഹജ് 15 (ജൂണ്‍ 1) മുതല്‍ തീര്‍ഥാടകര്‍ക്ക് മക്കയില്‍ പ്രവേശിക്കാനും നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ നേടാനും കഴിയും. ഉംറ വിസ ഇഷ്യു ചെയ്യാനുള്ള അവസാന ദിവസം ഹിജ്‌റ 1448 ശവ്വാല്‍ 1 (മാര്‍ച്ച് 9, 2027) ആണ്. തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന ദിവസം ശവ്വാല്‍ 15 (മാര്‍ച്ച് 23, 2027) ആണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.



