അല്‍ കോബാര്‍: പ്രവാസി ഫുട്‍ബോൾ കൂട്ടായ്മയായ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബിന്‍റെ പതിനേഴാം വാര്‍ഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാലപ്പ് യു.എഫ്.സി ഫുട്ബോള്‍ മേളയില്‍ യംഗ്സ്റ്റാര്‍ ടൊയോട്ടയെ പരാജയപ്പെടുത്തി ഇ.എം.എഫ് റാക്കയും ദമാം സോക്കറിനെ പരാജയപ്പെടുത്തി കോര്‍ണിഷ് സോക്കര്‍ കോബാറും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അൽ നഹ്ദ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച് വരുന്ന ടൂര്‍ണമെന്‍റിന്‍റെ രണ്ടാം വാരത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ യംഗ്സ്റ്റാര്‍ ടൊയോട്ടയും ഇ.എം.എഫ് റാക്കയും തമ്മില്‍ മാറ്റുരച്ചു. ഇ.എം.എഫ് റാക്ക ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് യംഗ്സ്റ്റാര്‍ ടൊയോട്ടയെ പരാജയപ്പെടുത്തിയത്.
ക്യാപ്റ്റൻ ദില്‍ഷാദ് ടൂര്‍ണമെന്‍റിലെ ആദ്യ ഹാട്രിക്ക് നേടി. മാലിക്, ലിജിത് എന്നിവര്‍ ഒരോ ഗോള്‍ വീതവും നേടി ഇ.എം.എഫ് റാക്കക്ക് ആധികാരിക വിജയം സമ്മാനിച്ചു. ദമാം സോക്കറും കോര്‍ണിഷ് സോക്കറും തമ്മിൽ രണ്ടാമത് നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് കോര്‍ണിഷ് വിജയിച്ചു. ഷിബിന്‍, മുഹമ്മദ് മാസ്, സുഹൈല്‍, റിസ് വാന്‍ എന്നിവര്‍ കോര്‍ണിഷിന് ഒരോ ഗോള്‍ വീതം നേടിയപ്പോള്‍ ദമാം സോക്കറിന് വേണ്ടി അലി അസര്‍ ആശ്വാസ ഗോള്‍ നേടി.
ദില്‍ഷാദ് (ഇ.എം.എഫ്), മുഹമ്മദ് മാസ് (കോര്‍ണിഷ്) എന്നിവരെ കളികളിലെ കേമന്മാരായി തിരഞ്ഞെടുത്തു. വ്യാപാര-വാണിജ്യ-കായിക രംഗത്തെ പ്രമുഖരായ മുജീബ് ഇരാറ്റുപ്പേട്ട, മുബാറക്ക് കാക്കു, അന്‍വര്‍ നസീമുദ്ധീന്‍, ലിയാക്കത്ത് കരങ്ങാടന്‍, അഷ്റഫ് കൊയിലാണ്ടി, അലി ദബാന്‍, റഷീദ് ചേന്ദമംഗല്ലൂര്‍, റാസിക് വള്ളിക്കുന്ന്, ഷറീഫ് പാറപ്പുറത്ത്, സഫീര്‍ മണലൊടി, രാജു കെ.ലുക്കാസ്, അസ് ലം കണ്ണൂര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
ജംഷീർ കാർത്തിക, നിസാർ എടത്തനാട്ടുകര, ഷുക്കൂർ വയനാട്, ഫൈസൽ വട്ടാര, ഷമീർ എടത്താനാട്ടുകര എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി. സ്വദേശി റഫറിമാരായ ഫൈസൽ അൽ ഖാലിദി, ഹനാദ് അൽ ഈസ, മുഹമ്മദ് സാബിത്ത്, ഖാലിദ് അൽ ഖാലിദി എന്നിവർ മത്സരം നിയന്ത്രിച്ചു.