അബഹ– ദക്ഷിണ സൗദിയിലെ അബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ സ്വദേശി എ.ജി റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാര്‍ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ജിസാന്‍ റൂട്ടിലെ ദര്‍ബിന് സമീപം മര്‍ദ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.
സെന്‍ട്രല്‍ പോയിന്റ് ജീസാന്‍ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു ഇവര്‍. അബഹയിലെ റീജ്യനല്‍ ഓഫീസില്‍ സ്റ്റാഫ് മീറ്റിങ്ങ് പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകില്‍ സൗദി പൗരന്റെ വാഹനം ഇടിക്കുകയും ഇതോടെ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. സഹയാത്രികരായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍ സ്വദേശി ബിഷാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



