ജിദ്ദ– സൗദി വിമാനത്താവളങ്ങളില്‍ നിന്നും തിരിച്ചും ആഭ്യന്തര, അന്താരാഷ്ട്ര ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ രണ്ടു കണ്‍സോര്‍ഷ്യങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജസീറ എയര്‍വേയ്സ്, ബിയോണ്ട് എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യങ്ങള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടര്‍ വിമാന കമ്പനി സൗദിയില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ സമര്‍പ്പിച്ച ടെന്‍ഡറുകള്‍ പരിശോധിച്ചാണ് എല്ലാ നിയന്ത്രണ, സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ച ടെന്‍ഡറുകള്‍ തെരഞ്ഞെടുത്തത്.
സീറ്റ് ശേഷി ഉയര്‍ത്തുകയും മത്സരശേഷി വര്‍ധിപ്പിക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയും സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിലക്ക് രണ്ട് പുതിയ വിമാന കമ്പനികളും സൗദിയിലുടെ നീളമുള്ള വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും ആഭ്യന്തര, അന്തര്‍ദേശീയ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ നടത്തും. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിലെ വ്യോമയാന പ്രോഗ്രാമിലെയും സൗദി വിഷന്‍ 2030 ലെയും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത് സഹായിക്കും.
പുതിയ കണ്‍സോര്‍ഷ്യങ്ങളില്‍ ഭൂരിഭാഗം സൗദി ഉടമസ്ഥതയോടെ വിദേശ നിക്ഷേപവും ഉള്‍പ്പെടുന്നു. 2030 ആകുമ്പോഴേക്കും ചാര്‍ട്ടര്‍ സര്‍വീസുകള്‍ 48 ആഭ്യന്തര, അന്തര്‍ദേശീയ നഗരങ്ങള്‍ക്ക് സേവനം നല്‍കുമെന്നാണ് പ്രതീക്ഷ. 21 വിമാനങ്ങളോടെ പ്രതിവര്‍ഷം 60 ലക്ഷം സീറ്റുകള്‍ ചാര്‍ട്ടര്‍ സര്‍വീസുകള്‍ വാഗ്ദാനം ചെയ്യും. ഈ മേഖലയില്‍ ഏകദേശം 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ജസീറ എയര്‍വേയ്സ്, കുവൈത്തിലെ ജസീറ എയര്‍വേയ്സിന് 49 ശതമാനം ഉടമസ്ഥതയുള്ള സൗദി ക്ലോസ്ഡ് ജോയിന്റ്-സ്റ്റോക്ക് കമ്പനിയാണ്.
പുതിയ വിമാന കമ്പനികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നത് ഉയര്‍ന്ന നിയന്ത്രണ, മേല്‍നോട്ട മാനദണ്ഡങ്ങള്‍ പാലിക്കാനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രാപ്തമാക്കാനും അതോറിറ്റി ശ്രമങ്ങള്‍ നടത്തുന്നു. വ്യോമയായ മേഖലയുടെ നിക്ഷേപ ആകര്‍ഷണം വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ഇത് യോജിക്കുന്നു.ലൈസന്‍സ് ലഭിച്ച കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ സാമ്പത്തിക, സാങ്കേതിക ലൈസന്‍സുകള്‍ നേടുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സാമ്പത്തിക, പ്രവര്‍ത്തന പ്രകടനവും സേവന നിലവാരവും നിരീക്ഷിക്കുന്ന കാര്യത്തിലുള്ള മേല്‍നോട്ട ചുമതല ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തുടരും.



