മക്ക – ശക്തമായ കാറ്റില്‍ ഭിത്തി തകര്‍ന്ന് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി മക്കയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റിനിടെ ഇസ്തിറാഹയുടെ ഭിത്തി തകര്‍ന്നാണ് 19 ഉം 15 ഉം വയസ് വീതം പ്രായമുള്ള യുവാക്കള്‍ മരിച്ചത്. വല്യുപ്പയുടെ മരണത്തില്‍ ഇസ്തിറാഹയില് സംഘടിപ്പിച്ച അനുശോചന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ സ്വീകരിക്കുന്നതിനിടെയാണ് കൊടുങ്കാറ്റില്‍ ഭിത്തി തകര്‍ന്ന് അടിയില്‍ പെട്ട് ഇരുവരും മരിച്ചത്.
അനുശോചന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാന്‍ യുവാക്കള്‍ മഗ്രിബ് നമസ്കാര സമയത്ത് ഇസ്തിറാഹയുടെ പ്രധാന കവാടത്തിനു സമീപം നിലയുറപ്പിക്കുകയായിരുന്നെന്ന് ഇവരുടെ ബന്ധു പറഞ്ഞു. ഈ സമയത്താണ് കൊടുങ്കാറ്റ് ആഞ്ഞുവീശി ഇസ്തിറാഹയുടെ ഭിത്തി യുവാക്കള്‍ക്കു മേല്‍ തകര്‍ന്നുവീണത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. സിവില്‍ ഡിഫന്‍സ് സംഘം കുതിച്ചെത്തി ഇസ്തിറാഹ ഒഴിപ്പിച്ച് ഭിത്തിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് യുവാക്കളെ പുറത്തെടുത്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നും ബന്ധു പറഞ്ഞു.