ജിദ്ദ – സൗദിയ വിമാനത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് പരീക്ഷിച്ച് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍. പൈലറ്റ് ഘട്ടത്തിന്റെ ഭാഗമായി അതിവേഗ ഇന്റര്‍നെറ്റ് സേവനം പരീക്ഷിക്കാനായി സൗദിയ വിമാനത്തില്‍ മന്ത്രി ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയുമായി വീഡിയോ കോള്‍ നടത്തി. 35,000 അടി ഉയരത്തില്‍ എസ്.വി-1044 വിമാനത്തില്‍ പരീക്ഷണ ഘട്ടത്തില്‍ സൗദി പ്രൊഫഷണല്‍ ലീഗ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഗതാഗത മന്ത്രിയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ഉമറും വീക്ഷിച്ചു. വിമാനത്തില്‍ വെച്ച് മന്ത്രി വാര്‍ത്താ ചാനലിന് തത്സമയ ടെലിവിഷന്‍ അഭിമുഖവും നല്‍കി. സൗദിയ വിമാനങ്ങളിലെ അതിവേഗ ഇന്റര്‍നെറ്റ് ആഡംബരമല്ല, മറിച്ച്, അവശ്യ സേവനമാണെന്നും രാജ്യത്തിന്റെ വ്യോമയാന മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെ തന്ത്രപരമായ ഘടകമാണെന്നും സ്വാലിഹ് അല്‍ജാസിര്‍ വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച ശേഷം സൗദി അറേബ്യൻ എയർലൈൻസിന് കീഴിലുള്ള മറ്റു വിമാനങ്ങളിൽ ഇന്റർനെറ്റ് ആരംഭിക്കാനായി പദ്ധതി വേഗത്തിലാക്കാൻ ഗതാഗത മന്ത്രി അഭ്യർത്ഥിച്ചു.
ഡിജിറ്റൽ സേവനങ്ങളിലൂടെ യാത്രാനുഭവം വികസിപ്പിക്കുന്നതിൽ സൗദിയ കാണിക്കുന്ന കാര്യങ്ങൾ അഭിമാനകരമാണെന്ന് എൻജിനീയർ ഇബ്രാഹിം അൽഉമർ പറഞ്ഞു. മറ്റു വിമാനങ്ങളിലും പുതിയ സേവനം ഉടന്‍ തന്നെ സൗജന്യമായി ലഭ്യമാകുമെന്നും അൽഉമർ അറിയിച്ചു .
ഏകദേശം 20 വിമാനങ്ങളിലാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയിരുക്കുന്നത്. വിമാന സീറ്റുകള്‍ നവീകരിക്കാനും അത്യാധുനിക എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍ കൊണ്ട് സീറ്റുകള്‍ സജ്ജീകരിക്കാനും ആരംഭിച്ച സൗദിയയുടെ വികസന പ്രയാണത്തിന്റെ തുടര്‍ച്ചയാണ് അതിവേഗ ഇന്റര്‍നെറ്റ്.
അതിവേഗ ഇന്റര്‍നെറ്റ് സേവനം ഉള്‍ക്കൊള്ളുന്ന ആദ്യ സൗദിയ വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ സേവനങ്ങൾ പരീക്ഷിച്ച് യാത്രക്കാരുടെ അഭിപ്രായങ്ങളും ശേഖരിച്ച് റെഗുലേറ്ററി ആവശ്യങ്ങൾക്ക് ശേഷം വാണിജ്യ അടിസ്ഥാനത്തിൽ ആരംഭിക്കാനാണ് ഇവരുടെ പ്രധാന ലക്ഷ്യം. നിലവിൽ സൗദിയ വിമാനങ്ങളിൽ സെക്കൻഡിൽ 300 എം.ബി വരെ വേഗതയുള്ള ഇന്റർനെറ്റ് ലഭ്യമാണ്. ഭാവിയിൽ വേഗത 800ൽ കൂടുതൽ ആക്കാൻ സാധ്യതയുണ്ട്. ഇത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുകയും യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.



