ജിദ്ദ – നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 741 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. ഒക്‌ടോബര്‍ 18 മുതല്‍ 24 വരെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ നടത്തിയ ശക്തമായ പരിശോധനയിലാണ് ലൈസന്‍സില്ലാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തിയ 741 പേരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇത്തരം ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ച 534 പേരും പണം ഈടാക്കി യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കിയ 207 പേരുമാണ് പിടിയിലായതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.
ഗതാഗത സേവനങ്ങളുടെ ഗുണനിലവാരത്തിനും യാത്രക്കാരുടെ സുരക്ഷക്കും വേണ്ടിയാണ് അനധികൃത ടാക്‌സികള്‍ തടയാന്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നതെന്ന് അതോറിറ്റി അറിയിച്ചു. പുതിയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം ലൈസന്‍സില്ലാതെയുള്ള ഗതാഗത സേവനങ്ങള്‍ വിലക്കുന്നുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലുമാണ് ശിക്ഷ.
അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 11,000 റിയാല്‍ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കലും പോലെയുള്ള ശിക്ഷകൾ ലഭിക്കും. യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ പിടിയിലായാൽ 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കലുമാണ് നടപടി. ആവര്‍ത്തിച്ച് കുടുങ്ങുന്നവരുടെ വാഹനം ലേലത്തില്‍ വില്‍ക്കാനും വിദേശികളാണെങ്കിൽ നാടുകടത്താനും നിയമം അനുവദിക്കുന്നുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.



