ജിദ്ദ – സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ച 50 ശതമാനം ട്രാഫിക് പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും അടക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ശക്‌റ വ്യക്തമാക്കി. സ്വന്തം പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുമിഞ്ഞുകൂടിയ ഏതൊരാള്‍ക്കും അവര്‍ അടക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിയമ ലംഘനത്തിന്റെ പിഴയിലും 50 ശതമാനം കിഴിവ് ലഭിക്കും. ഒരാളുടെ പേരില്‍ ഒന്നിലധികം നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ ഇതില്‍ ഒരു ഭാഗം നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളാണ് അടക്കുന്നതെങ്കിലും ഇളവ് ലഭിക്കും. എന്നാല്‍ ഇളവ് കാലാവധി അവസാനിച്ചാല്‍ ശേഷിക്കുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പഴയപോലെ പൂര്‍ണ തോതില്‍ അവശേഷിക്കുമെന്നും കേണല്‍ മന്‍സൂര്‍ അല്‍ശക്‌റ പറഞ്ഞു.
പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ തങ്ങളുടെ പേരില്‍ രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള മുഴുവന്‍ പിഴകളും നിയമ ലംഘകര്‍ അടക്കണമെന്ന് വ്യവസ്ഥയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ശക്‌റ വിശദീകരണം നല്‍കിയത്.
ട്രാഫിക് പിഴയിളവ് ആനുകൂല്യം ഏപ്രില്‍ 18 ന് അവസാനിക്കും. 2024 ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവന്‍ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴകള്‍ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം ലഭിക്കാന്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗവും കടന്ന് 50 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററും അതില്‍ കുറവുമായി നിശ്ചയിച്ച റോഡുകളില്‍ പരമാവധി വേഗത്തിലും 30 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാനുള്ള തീരുമാനം 2024 ഏപ്രില്‍ അഞ്ചിനാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 2024 ഒക്‌ടോബര്‍ 18 വരെ ആറു മാസമാണ് പിഴകള്‍ 50 ശതമാനം ഇളവോടെ അടക്കാന്‍ ആദ്യം സമയം അനുവദിച്ചിരുന്നത്. ഈ സാവകാശം അവസാനിച്ചതോട 2024 ഒക്‌ടോബര്‍ 19 ന് ആറു മാസത്തേക്ക് കൂടി പദ്ധതി ദീര്‍ഘിപ്പിച്ചു. ഇത് ഈ മാസം 18 ന് അവസാനിക്കും. പിഴയിളവ് ആനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ ഇളവ് പരിധിയില്‍ വരില്ല. ട്രാഫിക് പിഴകളില്‍ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടതില്ല. പെയ്‌മെന്റ് സംവിധാനമായ സദ്ദാദിലും ഈഫാ പ്ലാറ്റ്‌ഫോമിലും പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും.