സൗദിയില്‍ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളില്‍ 25 ശതമാനം ഇളവ് അനുവദിക്കുന്നത് ഏതൊക്കെ സഹചര്യത്തിലാണ് എന്ന് അറിയാം. സൗദിയില്‍ 2024 ഏപ്രില്‍ 18 നു മുമ്പ് സംഭവിച്ച ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടനുബന്ധിച്ചാണ് 2024 ഏപ്രില്‍ 18 നു ശേഷം ഉണ്ടാകുന്ന നിയമ ലംഘനങ്ങളില്‍ 25 ശതമാനം പിഴയിളവ് അനുവദിച്ചത്. 50 ശതമാനം ഇളവോടെ പിഴകള്‍ അടക്കാന്‍ അനുവദിച്ച ഒരു വര്‍ഷത്തെ സാവകാശം ഈ മാസം 18 ന് അര്‍ധരാത്രി അവസാനിച്ചിരുന്നു. വായനക്കാരുടെ സംശയങ്ങൾക്ക് ദ മലയാളം ന്യൂസ് മറുപടി നൽകുന്നു.
ചോദ്യം ഒന്ന്
2024 ഏപ്രില്‍ 18 മുതല്‍ സംഭവിക്കുന്ന നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകളില്‍ 25 ശതമാനം ഇളവ് ലഭിക്കുന്നത് എങ്ങിനെ? പിഴ അടക്കാതിരുന്നാൽ എന്ത് സംഭവിക്കും.
ഉത്തരം: നിയമ ലംഘനം രേഖപ്പെടുത്തിയ തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ ഓരോ നിയമ ലംഘനത്തിനുമുള്ള പിഴകളില്‍ 25 ശതമാനം ഇളവ് ലഭിക്കും. അബ്ശിര്‍ പ്ലാറ്റ്ഫോം വഴി 90 ദിവസത്തെ പേയ്മെന്റ് ഗ്രേസ് പിരീഡിന് അപേക്ഷിച്ചാല്‍ 30 ദിവസത്തേക്കു കൂടി ഇളവ് തുടരും.
- നിയമ ലംഘനം രേഖപ്പെടുത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം 30 ദിവസമാണ്.
- നിയമ ലംഘനം രേഖപ്പെടുത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള കാലയളവ് അവസാനിച്ച ശേഷം പേയ്മെന്റ് ഗ്രേസ് പിരീഡ് 15 ദിവസമാണ്. മറ്റൊരു ഗ്രേസ് പിരീഡ് ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അബ്ശിര്‍ പ്ലാറ്റ്ഫോം വഴി 90 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാം.
- അപ്പീല്‍ നല്‍കാനുള്ള സമയപരിധിയും നിയമം നിശ്ചയിച്ചിട്ടുള്ള പേയ്മെന്റ് സമയപരിധിയും അവസാനിച്ച ശേഷം പിഴ അടക്കാത്ത സാഹചര്യത്തില്‍ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരും.
(ഇതൊരു തുടർ പംക്തിയാണ്. തുടരും)