മക്ക: ലോക മുസ്‌ലിംകളുടെ ഹൃദയകേന്ദ്രമായ വിശുദ്ധ ഹറമില്‍ വിരിച്ച കാര്‍പെറ്റുകളുടെ ആകെ നീളം 200 കിലോമീറ്റര്‍. വെള്ളിയാഴ്ചകളിലും വിശുദ്ധ റമദാനും ഹജും അടക്കമുള്ള മറ്റു മതപരമായ സീസണുകളിലും വിശ്വാസികള്‍ക്ക് സേവനം നല്‍കാനായി ഹറംകാര്യ വകുപ്പ് ഉയര്‍ന്ന മാനദണ്ഡങ്ങളോടെ നിര്‍മിച്ച 33,000 ആഡംബര പരവതാനികളാണ് ഹറമില്‍ വിരിക്കുന്നത്. മികച്ച ഗുണനിലവാരം, ആഡംബരപൂര്‍ണമായ കരകൗശല വൈദഗ്ധ്യം, സുസ്ഥിരതാ മാനദണ്ഡള്‍ എന്നിവ പരവതാനികളുടെ സവിശേഷതകളാണ്.
1.2 മീറ്റര്‍ വീതിയും നാലു മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവുമുള്ള കാര്‍പെര്‍റ്റുകളാണ് ഹറമില്‍ ഉപയോഗിക്കുന്നത്. പരവതാനികള്‍ക്ക് 1.6 സെന്റീമീറ്റര്‍ കനമുണ്ട്.
ഇത് പരവതാനികള്‍ക്ക് ഈടും ഉയര്‍ന്ന സാന്ദ്രതയും നല്‍കുന്നു. വലിയ തോതിലുള്ള ഉപയോഗത്തെ താങ്ങാന്‍ ഹറമിലെ പരവതാരികള്‍ക്ക് സാധിക്കും. ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികളുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുക്കുന്ന നിലക്കാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണവും ശ്രദ്ധയും പാലിച്ച് വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനും ഹറമിനുള്ളില്‍ സുഖകരമായ ആത്മീയ അന്തരീക്ഷം ഉറപ്പാക്കാനുമുള്ള ഹറംകാര്യ വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും മുന്തിയ കാര്‍പെറ്റുകള്‍ ഹറമില്‍ വിരിച്ചിരിക്കുന്നത്.
ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാ സേവനങ്ങളും നല്‍കാനും കര്‍മങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാനും ഇരു ഹറമുകളിലും പൂര്‍ണ ശ്രദ്ധ ചെലുത്താനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങളുടെ ഭാഗമായാണിത്.