ജിദ്ദ – കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഹജ് തീര്‍ഥാടകരും ഉംറ തീര്‍ഥാടകരും അടക്കം 1.85 കോടിയിലേറെ തീര്‍ഥാടകര്‍ കഴിഞ്ഞ കൊല്ലം വിദേശങ്ങളില്‍ നിന്ന് എത്തി. ഇത് വിവിധ വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളുടെ സംയോജനത്തെയും നടപടിക്രമങ്ങളുടെ സുഗമതയെയും പ്രതിഫലിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം മസ്ജിദുന്നബവി റൗദ ശരീഫില്‍ 1.3 കോടിയിലേറെ പേര്‍ സിയാറത്ത് നടത്തി. 2022 ല്‍ 40 ലക്ഷം പേരാണ് റൗദ ശരീഫ് സന്ദര്‍ശിച്ചത്. റൗദ ശരീഫ് സന്ദര്‍ശകര്‍ക്കിടയിലെ സംതൃപ്തി നിരക്ക് 57 ശതമാനത്തില്‍ നിന്ന് 81 ശതമാനമായി വര്‍ധിച്ചു. ഇത് ഉപയോക്തൃ അനുഭവത്തിന്റെയും നല്‍കുന്ന സേവനങ്ങളുടെയും ഗുണനിലവാരത്തിന്റെയും പുരോഗതിയെ സൂചിപ്പിക്കുന്നു.
2024 ല്‍ തീര്‍ഥാടകരെ സേവിച്ച വളണ്ടിയര്‍മാരുടെ എണ്ണം 1,53,000 ല്‍ അധികമായി. 2022 ല്‍ വളണ്ടിയര്‍മാരുടെ എണ്ണം 15,000 ല്‍ കുറവായിരുന്നു. ഇത് ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക അവബോധവും പങ്കാളിത്ത മനോഭാവവും വ്യക്തമാക്കുന്നു. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ 40 ലധികം സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് 89 വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം നടപ്പാക്കുന്നു.
പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടന സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ 33 വിദേശ സന്ദര്‍ശനങ്ങള്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വരവിന് നേരിടുന്ന തടസ്സങ്ങള്‍ മറികടക്കാന്‍ സഹായിച്ചു. ഈ സന്ദര്‍ശനങ്ങള്‍ പ്രായോഗിക പരിഹാരങ്ങള്‍ക്ക് സഹായിച്ചു. ഇത് ഉംറ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും നിരവധി തടസ്സങ്ങള്‍ നീക്കുകയും ഡസന്‍ കണക്കിന് പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങള്‍ തുറക്കുകയും ചെയ്തു. തീര്‍ഥാടകരുടെ ഗതാഗതത്തിനുള്ള വിമാന സീറ്റ് ശേഷി വര്‍ധിപ്പിക്കുകയും നടപടിക്രമങ്ങള്‍ സുഗമമാക്കുകയും ചെയ്തു.
അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ മക്ക ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി. ടൂറിസം പ്രകടന സൂചികയില്‍ മദീന ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തെത്തി. മത, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ഇത് പ്രതിഫലിപ്പിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുന്നതും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.
നുസുക് പ്ലാറ്റ്ഫോം ഉപയോക്താക്കള്‍ക്ക് 100 ലേറെ സേവനങ്ങള്‍ നല്‍കുന്നു. മക്ക റൂട്ട് പദ്ധതി ആരംഭിച്ച ശേഷം 9,40,000 ലേറെ ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കി. ഏകദേശം 30 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇനായ സെന്ററുകള്‍ സേവനങ്ങള്‍ നല്‍കിയതായും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം റിപ്പോര്‍ട്ട് പറഞ്ഞു.