മക്ക – ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് അടക്കം 69 പേരുടെ പേരുവിവരങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് പരസ്യപ്പെടുത്തി. സൗദി വനിത അടക്കം 51 സൗദി പൗരന്മാരുടെയും ഇന്ത്യക്കാരന് അടക്കം 18 വിദേശികളുടെയും പേരുവിവരങ്ങളാണ് പരസ്യപ്പെടുത്തിയത്.
വിദേശികള്‍ സുഡാന്, പാക്കിസ്ഥാന്, ഈജിപ്ത്, യെമന്‍, കൊസോവൊ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സനീഫ് അന്‍സാരി ഐനുല്ല അന്‍സാരിയാണ് ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച് കുടുങ്ങിയ ഇന്ത്യക്കാരന്. നിയമ ലംഘകര്‍ക്കെതിരെ പിഴയും തടവും വാഹനം കണ്ടുകെട്ടലും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
മറ്റൊരു സംഭവത്തില്‍, മരുഭൂപാത വഴി മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിസിറ്റ് വിസക്കാരായ 60 വിദേശികളെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.