മക്ക – ഇത്തവണത്തെ ഹജിന് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മിനായില്‍ പുതിയ പത്തു ബഹുനില കെട്ടിടങ്ങള്‍ സജ്ജമായി. മിനായിലെ മലമുകളില്‍ നിര്‍മിച്ച ഈ കെട്ടിടങ്ങളില്‍ ആകെ 32,000 ഓളം ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭിക്കും. മിനായില്‍ നേരത്തെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഉടമസ്ഥതയില്‍ ആറു ബഹുനില ടവറുകള്‍ നിര്‍മിച്ചിരുന്നു. ഇതിനു പുറമെയാണ് പുതുതായി പത്തു ബഹുനില കെട്ടിടങ്ങളും അനുബന്ധമായി അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും നിര്‍മിച്ചിരിക്കുന്നത്.
ഓരോ വര്‍ഷവും ഹജ് തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് എല്ലാ കാലാവസ്ഥകള്‍ക്കും യോജിച്ച രീതിയില്‍ ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങളോടെയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഹാജിമാരുടെ താമസത്തിന് നാലു നിലകള്‍ വീതമാണ് കെട്ടിങ്ങളിലുള്ളത്. ഇതിനു പുറമെ ഭക്ഷണ വിതരണത്തിനും നമസ്‌കാരത്തിനും സപ്പോര്‍ട്ട് സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ രണ്ടു നിലകള്‍ വീതം നീക്കിവെച്ചിട്ടുണ്ട്. മിനായുടെ വടക്കു ഭാഗത്ത് നേരത്തെ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായാണ് പുതിയ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.
മിനാ വികസന പദ്ധതി പൂര്‍ത്തിയാക്കാനും ഹാജിമാരുടെ എണ്ണത്തിലുള്ള വര്‍ധനവുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കാനും ഈ വര്‍ഷത്തെ ഹജ് സീസണ്‍ അവസാനിച്ച ശേഷം കൂടുതല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുത്വവ്വിഫുമാരും ഹജ് സര്‍വീസ് കമ്പനി അധികൃതരും പറഞ്ഞു.
വരാനിരിക്കുന്ന ഹജ് സീസണുകളില്‍ ഉപയോഗിക്കുന്നതിന് മിനായില്‍ റെസിഡന്‍ഷ്യല്‍ ടവറുകള്‍ നിര്‍മിക്കുന്നത് സുപ്രധാന ചുവടുവെപ്പാണെന്ന് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനി ചെയര്‍മാന്‍ മുഹമ്മദ് ഹസന്‍ മആജീനി പറഞ്ഞു. ഇത് മാതൃകാപരമായ രീതിയില്‍ മിനായുടെ ശേഷി വര്‍ധിപ്പിക്കുകയും ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും പാര്‍പ്പിടവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന ഓപ്ഷനുകള്‍ വിപുലീകരിക്കുകയും ചെയ്യും. സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനൊപ്പം തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉന്നമിടുന്ന വിഷന്‍ 2030 ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതായും മുഹമ്മദ് ഹസന്‍ മആജീനി പറഞ്ഞു.
മിനായില്‍ റെസിഡന്‍ഷ്യല്‍ ടവറുകള്‍ നിര്‍മിക്കാനുള്ള പദ്ധതി വളരെ സവിശേഷമായ ഒരു പ്രൊജക്ട് ആണെന്ന് രിഹ്‌ലാത്ത് കമ്പനി സി.ഇ.ഒ അഹ്മദ് തിമാര്‍ പറഞ്ഞു. പ്രത്യേകവും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ സേവനങ്ങള്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്ക് അധിക സേവനം നല്‍കാനുള്ള ഒരു പ്രധാന ഓപ്ഷനാണിത്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന പാക്കേജുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ താല്‍പര്യം ഇത് സ്ഥിരീകരിക്കുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ കമ്പനിക്കു കീഴിലെ ശാഖാ കമ്പനിയെന്നോണം രിഹ്‌ലാത്ത് കമ്പനി പുതിയ ടവറുകള്‍ പ്രയോജനപ്പെടുത്തുമെന്നും അഹ്മദ് തിമാര്‍ പറഞ്ഞു.
മിനായില്‍ മലമുകളില്‍ നേരത്തെ നിര്‍മിച്ച ആറു ബഹുനില ടവറുകളുടെ തുടര്‍ച്ചയെന്നോണമാണ് പത്തു ബഹുനില കെട്ടിടങ്ങള്‍ കൂടി നിര്‍മിച്ചിരിക്കുന്നതെന്ന് ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇക്‌റാം ദൈഫ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൗദി ഈദ് പറഞ്ഞു.