മക്ക – വിശുദ്ധ ഹറമിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച തീർഥാടകനെ സ്വന്തം ജീവൻ അവഗണിച്ചും സുരക്ഷാ സൈനികൻ രക്ഷപ്പെടുത്തി. മതാഫിലേക്ക് ചാടിയ തീർഥാടകനെ അവിടെയുണ്ടായിരുന്ന സൈനികൻ കൈകളിൽ പിടിച്ചു നിർത്താൻ ശ്രമിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഈ രക്ഷാപ്രവർത്തനത്തിനിടെ തീർഥാടകനും സൈനികനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥാടകൻ താഴെ തറയിൽ നേരിട്ട് പതിക്കാതിരുന്നതാണ് ജീവൻ രക്ഷിക്കാൻ കാരണമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തോട് പ്രതികരിച്ച ഹറം കാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ്, സുരക്ഷാ സൈനികന്റെ ധീരമായ ഇടപെടലിനെ അഭിനന്ദിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് വിശ്വാസികൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യമാണെന്നും ഹറം പോലെയുള്ള പരിശുദ്ധമായ സ്ഥലങ്ങളിൽ സന്ദർശകർ അവിടുത്തെ പവിത്രതയും നിയമങ്ങളും പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന അർപ്പണബോധമുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



