ജിദ്ദ- തനിക്കെതിരെ ഒരു തട്ടിപ്പുകാരന്റെ വ്യാജ പ്രചാരണം മുഖവിലക്കെടുത്ത് വാർത്ത നൽകിയ റിപ്പോർട്ടർ ടി.വിക്ക് എതിരെയും പരാതി നൽകിയ ആൾക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.
24 ന്യൂസ് ചാനൽ ചെയർമാൻ കൂടിയാണ് ആലുങ്ങൽ മുഹമ്മദ്. അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് തന്നിൽനിന്ന് രണ്ടായിരം കോടി രൂപ വഞ്ചിച്ചെടുത്തുവെന്ന് ആരോപിച്ച് മലപ്പുറം മമ്പാട് സ്വദേശി അബ്ദുൽ സലാം പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടർ ടി.വി ന്യൂസ് പ്രസിദ്ധീകരിച്ചത്. ചാനലിനും പരാതിക്കാരനും എതിരെ നൂറു കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് ആയിരിക്കും ആലുങ്ങലിന് വേണ്ടി കോടതിയിൽ ഹാജരാകുക.
2015-ൽ നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തിൽ കേസ് കൊടുക്കുന്നത് 2025 ഫെബ്രുവരിയിലാണ്. അബ്ദുൽ സലാമിന്റെയും റിപ്പോർട്ടർ ടി.വിയുടെയും പേരിൽ ഇന്ന് തന്നെ കേസ് കൊടുക്കുമെന്നും ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. 62- വയസിനുള്ളിൽ ആരോടും മോശമായി പെരുമാറുകയോ ആരെയും വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബാർക് റേറ്റിംഗ് തങ്ങൾക്ക് അനുകൂലമാക്കാൻ റിപ്പോർട്ടർ ടി.വി ഇടപെടൽ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ട്വന്റിഫോർ ന്യൂസ് ചാനൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാർക് ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയുമായി പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് റിപ്പോർട്ടർ ടി.വി നടത്തുന്നതെന്ന് 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർ പറഞ്ഞു. ആലുങ്ങലിനെതിരെ വ്യാജ വാർത്ത നൽകി അദ്ദേഹത്തെയും ചാനലിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഫെബ്രുവരിയിലാണ് പരാതിക്കാരൻ നെടുമ്പാശ്ശേരി പോലീസിൽ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ ഇട്ടത്. എന്നാൽ ഇതിൽ ഒരു തുടർനടപടികളും സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ലഭിക്കാത്തത് കൊണ്ടാണ് തുടർ നടപടികൾ ഇല്ലാത്തത്. മർദ്ദനം നടന്നുവെന്ന് പറയപ്പെടുന്ന കൊച്ചിയിലെ ഹോട്ടലിൽനിന്നും തെളിവു ശേഖരിക്കാനും സാധിച്ചിട്ടില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വിവരം.



