ജിദ്ദ – തൊഴില്‍ സ്ഥലത്തുനിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോൾ ലെവി കുടിശ്ശിക അടക്കേണ്ടത് പുതിയ തൊഴിലുടമയാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഹുറൂബാക്കപ്പെടുന്നതിനോ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനോ മുമ്പ് തൊഴിലാളി സൗദിയില്‍ തുടര്‍ച്ചയായി 12 മാസത്തില്‍ കുറയാത്ത കാലം ചെലവഴിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഹുറൂബാക്കപ്പെട്ടവരുടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമാനുസൃതം പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റി പദവി ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഖിവാ പ്ലാറ്റ്‌ഫോം വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഈ മാസം 18 ന് ആണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.
എല്ലാ കക്ഷികളുടെയും തൊഴില്‍ കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും നിയമപാലന നിലവാരം ഉയര്‍ത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതി.
ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ഗ്രേസ് പിരീഡ് ആയ 60 ദിവസം അവസാനിച്ച ശേഷം സ്റ്റാറ്റസ് ഹുറൂബ് (ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍) ആയി മാറിയ തൊഴിലാളികള്‍, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞതിനാലോ കരാര്‍ അവസാനിപ്പിച്ചതിനാലോ സ്റ്റാറ്റസ് ഹുറൂബ് ആയി മാറിയ തൊഴിലാളികള്‍, ഹുറൂബുകാരുടെ പദവി ശരിയാക്കാനുള്ള പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ എന്നിവര്‍ അടക്കം വിവിധ സാഹചര്യങ്ങളില്‍ ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനും കൂടുതല്‍ ആകര്‍ഷകവും നിയമങ്ങള്‍ പാലിക്കുന്നതുമായ തൊഴില്‍ അന്തരീക്ഷം കെട്ടിപ്പടുക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഹുറൂബുകാരുടെ പദവി ശരിയാക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്.