ജിദ്ദ – അടുത്ത മാസാദ്യം മുതല്‍ കോഴിക്കോട് സര്‍വീസ് ആരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യയില്‍ സൗദിയ സര്‍വീസ് ആരംഭിക്കുന്ന ഏഴാമത്തെ നഗരമാണ് കോഴിക്കോട്. നിലവില്‍ ബാംഗ്ലൂര്‍, മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഖ്നൗ എന്നിവിടങ്ങളിലേക്ക് സൗദിയ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതം കോഴിക്കോട്ടേക്ക് നടത്തുമെന്ന് സൗദിയ അറിയിച്ചു. വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും റിസര്‍വേഷനുകള്‍ ലഭ്യമാണ്.
ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പ്രോഗ്രാമുമായി യോജിക്കുന്ന നിലക്ക് പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരുക, വിമാനനിര ഏറ്റവും മികച്ച നിലയില്‍ പ്രയോജനപ്പെടുത്തി ലോകത്തെ രാജ്യവുമായി ബന്ധിപ്പിക്കുക, അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയുടെ മത്സര സ്ഥാനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള സൗദിയ ഗ്രൂപ്പിന്റെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നത്.
യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും ഉയര്‍ന്ന പ്രവര്‍ത്തന കാര്യക്ഷമതയും ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കും കൈവരിക്കാനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തന ആവശ്യകതകളും തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തുന്നതായി സൗദിയ വ്യക്തമാക്കി. ടൂറിസം, ബിസിനസ് മേഖലകള്‍ക്കും ഹജ്, ഉംറ സീസണുകള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍, നാല് ഭൂഖണ്ഡങ്ങളിലായി 100 ലേറെ ഡെസ്റ്റിനേഷനുകള്‍ ഉള്‍ക്കൊള്ളുന്ന സൗദി എയര്‍ലൈന്‍സിന്റെ വളര്‍ന്നുവരുന്ന പ്രവര്‍ത്തന സംവിധാനത്തിന്റെ വിപുലീകരണമെന്നോണമാണ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നത്. സൗദിയ പ്രതിദിനം 550 ലേറെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നു.



