റിയാദ് – രാജ്യത്തെ തൊഴില്‍ വിപണിയിൽ സ്ത്രീ ശാക്തീകരണത്തിനായി നടത്തിയ സർക്കാർ ശ്രമങ്ങളിൽ വൻ നേട്ടം കൈവരിച്ച് സൗദി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,21,000 വനിതകളാണ് ഉന്നത പദവികള്‍ വഹിക്കുന്നത്. ഇതില്‍ 3,20,000 പേര്‍ മാനേജര്‍മാരായാണ് ജോലി ചെയ്യുന്നത്. കമ്പനി ഡയറക്ടര്‍ ബോര്‍ഡുകളില്‍ ഏകദേശം 1,200 വനിതാ അംഗങ്ങളും 370 വനിതാ ചെയര്‍പേഴ്സണ്‍മാരുമുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റകള്‍ പ്രകാരം സൗദി വനിതാ ജീവനക്കാരുടെ പ്രതിമാസ വേതനം ഏകദേശം 4,800 റിയാല്‍ മുതല്‍ 10,700 റിയാല്‍ വരെയാണ്. 24 വയസും അതില്‍ താഴെയും പ്രായമുള്ളവരുടെ ശരാശരി പ്രതിമാസ വേതനം 4,832 റിയാലും 25 നും 54 നും ഇടയില്‍ പ്രായമുള്ളവരുടെ ശരാശരി വേതനം 8,328 റിയാലും 55 വയസിനു മുകളിലുള്ളവരുടെ വേതനം 10,739 റിയാലുമാണ്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 1,38,000 ആയി ഉയര്‍ന്നതായി 2024 ലെ സൗദി സ്ത്രീകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരില്‍ 45.6 ശതമാനം വനിതകളാണുള്ളത്.
സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ മേഖലകളിലായി 3,03,000 സ്വദേശികള്‍ ജോലി ചെയ്യുന്നു. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 1,11,000 ആയി ഉയര്‍ന്നിട്ടുണ്ട്. ടൂറിസം മേഖലയിലെ ആകെ സ്വദേശി ജീവനക്കാരില്‍ 45.8 ശതമാനവും വനിതകളാണ്. ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷം സൗദി വനിതകളുടെ ശരാശരി പ്രതിവാര ജോലി സമയം 39 മണിക്കൂറായിരുന്നു.