ജിദ്ദ – പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യയും യു.എ.ഇയും സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഇത് മേഖലയില്‍ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാന്‍ കാരണമാകുമെന്ന് സൗദി അറേബ്യ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. വിവേകവും ആത്മസംയമനവും പാലിച്ചതിന് സൗദി അറേബ്യ ഇന്ത്യയെയും പാക്കിസ്ഥാനെയും പ്രശംസിച്ചു.
നല്ല അയല്‍പക്കത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി, ഇരു രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്ന രീതിയില്‍, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സ്വാഗതം ചെയ്തു. ദക്ഷിണേഷ്യയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ ഈ നടപടി സഹായകമാകുമെന്ന് വിദേശ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങളെയും ഈ കരാറിലെത്തുന്നതില്‍ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെയും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ക്കും മേഖലക്ക് മൊത്തത്തിലും പ്രയോജനപ്പെടുന്ന തരത്തില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയിലും വിവേകത്തിലും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.എ.ഇയെ ഇന്ത്യയുമായും പാക്കിസ്ഥാനുമായും ബന്ധിപ്പിക്കുന്ന ശക്തമായ ചരിത്രപരമായ ബന്ധങ്ങള്‍ ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെ പാലങ്ങള്‍ പണിയാനും സ്ഥിരത, വികസനം, അഭിവൃദ്ധി എന്നിവക്കായുള്ള രണ്ട് സൗഹൃദ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ശാശ്വത സമാധാനം സ്ഥാപിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെന്നും യു.എ.ഇ വിദേശ മന്ത്രി പറഞ്ഞു.