ദമാം – ഏതൊരു സാമ്പത്തിക ആഘാതത്തെയും കാര്യക്ഷമമായി നേരിടാൻ സൗദി അറേബ്യക്ക് കഴിവുണ്ടെന്ന് ധനമന്ത്രി മുഹമ്മദ് അൽ-ജദ്ആൻ പ്രസ്താവിച്ചു. പുതിയ ബജറ്റ് അംഗീകരിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടുത്ത വർഷം രാജ്യം ‘വിഷൻ 2030’ ൻ്റെ ‘ധനവിനിയോഗത്തിലൂടെ പരമാവധി സ്വാധീനം’ എന്ന പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. വിഷൻ 2030 ൻ്റെ ആദ്യ വർഷങ്ങളിൽ നടപ്പാക്കിയ സാമ്പത്തിക, ഘടനാപരമായ പരിഷ്കാരങ്ങളാണ് രാജ്യത്തെ ഏത് ആഘാതങ്ങളെയും നേരിടാൻ പ്രാപ്തമാക്കിയത്. സമീപ വർഷങ്ങളിൽ എണ്ണയിതര മേഖലയിലെ വളർച്ച ചരിത്രപരമാണ്. എണ്ണയിതര മേഖലയിൽ നിന്നുള്ള പൊതുവരുമാനം 55.4 ശതമാനമായി ഉയർന്നു.
സർക്കാർ വരുമാനത്തിൻ്റെ പ്രധാന സ്രോതസ്സായി എണ്ണ തുടരുമെന്നും, എണ്ണയെ ആശ്രയിക്കുന്നത് പൂർണ്ണമായി ഇല്ലാതാക്കുകയല്ല വിഷൻ 2030 ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. എണ്ണ വരുമാനം സർക്കാർ നിക്ഷേപിക്കുകയും ഭാവി തലമുറകൾക്കായി മിച്ചം നിക്ഷേപിക്കുകയും ചെയ്യും. എണ്ണ ഉൽപാദനത്തിലെ ഇടിവ് കാരണം ചെലവ് സ്ഥിരപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ധനവിനിയോഗത്തിലൂടെ ഊന്നൽ നൽകുന്നത്.
രാജ്യത്ത് ചെറുകിട, മൈക്രോ സ്ഥാപനങ്ങളുടെ എണ്ണം 5 ലക്ഷത്തിൽ നിന്ന് 17 ലക്ഷമായി വർദ്ധിച്ചു. വിഷൻ 2030 ൻ്റെ ഭാഗമായി 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വ്യവസായം, ടൂറിസം, ഗതാഗതം, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കടമെടുക്കുന്നതിനേക്കാൾ കൂടുതലാകുന്നിടത്തോളം കാലം സർക്കാർ പൊതുധനവിനിയോഗം വർദ്ധിപ്പിക്കും. സൗദി അറേബ്യയുടെ വായ്പാ-ജി.ഡി.പി അനുപാതം ജി-20 രാജ്യങ്ങളിൽ ഏറ്റവും കുറവാണ്. വിദേശ കരുതൽ ശേഖരം ഉപയോഗിക്കില്ലെന്നും, ബജറ്റ് കമ്മി നികത്താൻ ആഭ്യന്തര കരുതൽ ശേഖരത്തിൽ നിന്നാണ് പണം പിൻവലിക്കുകയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.



