ജിദ്ദ – ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗം 2,500 കോടി റിയാലായി (700 കോടിയോളം ഡോളര്‍) ഉയര്‍ന്നതായി സൗദി സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ 27.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒരു പാദവര്‍ഷത്തില്‍ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ചയാണിത്.
മൂന്നു മാസത്തിനിടെ സൗദി നിവാസികള്‍ വിനോദസഞ്ചാര ആവശ്യാര്‍ഥം വിദേശങ്ങളില്‍ 2,630 കോടി റിയാല്‍ ചെലവഴിച്ചു. ഇതിന്റെ ഫലമായി മൂന്നാം പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ സൗദി അറേബ്യക്ക് 1.3 കോടി റിയാലിന്റെ കമ്മി നേരിട്ടു. ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ 11,760 കോടി റിയാല്‍ ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം സൗദിയില്‍ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ട്രാവല്‍, ടൂറിസം മേഖല ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 498 ബില്യണ്‍ റിയാല്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 1,58,000 ലേറെ പേരുടെ വര്‍ധനയും പ്രതീക്ഷിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ സൗദിയില്‍ ട്രാവല്‍, ടൂറിസം മേഖലയില്‍ ആകെ ജീവനക്കാര്‍ 27 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നതെന്ന് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ റിപ്പോര്‍ട്ട് പറഞ്ഞു.
അതിനിടെ, 2025 ജനുവരി ഒന്നു മുതല്‍ ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാത്ത ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും സ്വകാര്യ ആതിഥേയ സ്ഥാപനങ്ങളും ബുക്കിംഗ് ആപ്പുകളിലും പ്ലാറ്റ്‌ഫോമുകളിലും ഉള്‍പ്പെടുത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതും ടൂറിസം മന്ത്രാലയം വിലക്കി. സൗദിയില്‍ ഹോട്ടല്‍, ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റ് ബുക്കിംഗ് മേഖലയില്‍ 18 ആപ്പുകളാണ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത്.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാത്ത ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും ആതിഥേയ സ്ഥാപനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബുക്കിംഗ് ആപ്പുകള്‍ക്കും പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും ടൂറിസം മന്ത്രാലയം അനുവദിച്ച ലൈസന്‍സുകളുടെ എണ്ണം 99 ശതമാനം തോതില്‍ ഉയര്‍ന്നു. മൂന്നു മാസത്തിനിടെ ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും 3,950 ലൈസന്‍സുകളാണ് ടൂറിസം മന്ത്രാലയം അനുവദിച്ചത്.