ജിദ്ദ– സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ പരസ്പര വിസ ഇളവ് കരാർ 2026 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് മുൻകൂർ വിസ നടപടികളില്ലാതെ തന്നെ സൗദിയിലേക്കും റഷ്യയിലേക്കും യാത്ര ചെയ്യാൻ ഈ കരാർ വഴി സാധിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ടൂറിസം, ബിസിനസ് സന്ദർശനങ്ങൾ, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കൽ എന്നീ ആവശ്യങ്ങൾക്കായി പോകുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു കലണ്ടർ വർഷത്തിൽ ആകെ 90 ദിവസം വരെ ഇത്തരത്തിൽ വിസയില്ലാതെ താമസിക്കാൻ അനുവാദമുണ്ടാകും. ഈ കാലാവധി തുടർച്ചയായോ വിവിധ സന്ദർശനങ്ങളിലായോ ഉപയോഗപ്പെടുത്താം. എന്നാൽ ജോലി, പഠനം, സ്ഥിരതാമസം, ഹജ് നിർവ്വഹണം എന്നിവയ്ക്കായി പോകുന്നവർ ഈ കരാറിന്റെ പരിധിയിൽ വരികയില്ല. ഇവർ നിലവിലുള്ള നിയമപ്രകാരം ബന്ധപ്പെട്ട വിസകൾ മുൻകൂട്ടി കരസ്ഥമാക്കേണ്ടതുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വിസ ഇളവ് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. സൗദി-റഷ്യ ഭരണാധികാരികൾ തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെയും സഹകരണത്തിന്റെയും പ്രതിഫലനമാണ് ഈ പുതിയ നീക്കം. വിനോദസഞ്ചാരം, സാമ്പത്തികം, സാംസ്‌കാരികം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിനിമയം വർദ്ധിപ്പിക്കാനും ഈ തീരുമാനം വലിയ തോതിൽ സഹായകമാകും.



