റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര സൗദി മന്ത്രിസഭാ യോഗം ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു. ഇരു ഹറമുകളെയും അവയിലെത്തുന്ന സന്ദര്‍ശകരെയും പരിപാലിക്കാനുള്ള ഉത്തരവാദിത്തം നല്‍കി ഈ രാജ്യത്തെ ആദരിച്ചതിനും ഹജ്, ഉംറ സീസണുകള്‍ കൈകാര്യം ചെയ്യുന്നതില്‍ തുടര്‍ച്ചയായ വിജയത്തിനും സര്‍വ്വശക്തനായ ദൈവത്തിന് മന്ത്രിസഭ നന്ദി പറഞ്ഞു. 2025 ല്‍ രാജ്യത്തിന് പുറത്തുനിന്നുള്ള 1.95 കോടി ഹജ്, ഉംറ തീര്‍ഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
വിഷന്‍ 2030 ലക്ഷ്യങ്ങളും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം ലക്ഷ്യങ്ങളും നേടുന്നതിലുള്ള ദ്രുതഗതിയിലുള്ള പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സൂചകങ്ങളും രാജ്യം തുടര്‍ച്ചയായി കൈവരിക്കുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമികളെ സര്‍ക്കാര്‍ സ്വത്തായി മാറ്റാനുള്ള ഇസ്രായില്‍ അധികൃതരുടെ തീരുമാനത്തെ മന്ത്രിസഭ അപലപിച്ചു. ഈ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യ പൂര്‍ണമായും നിരാകരിക്കുന്നു. 1967 ജൂണ്‍ 4 ലെ അതിര്‍ത്തിക്കുള്ളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അന്തര്‍ലീനമായ അവകാശത്തിന് നേരെയുള്ള ആക്രമണമാണിതെന്നും മന്ത്രിസഭ പറഞ്ഞു.



