ജിദ്ദ – സൗദി ജനത രാജ്യത്തിന്റെ 95-ാമത് ദേശീയദിനാഘോഷ ലഹരിയില്‍. വിപുലമായ രീതിയില്‍ സമുചിതമായി ദേശീയദിനാഘോഷം നടത്താനുള്ള ഒരുക്കങ്ങള്‍ വിവിധ മന്ത്രാലയങ്ങളും നഗരസഭകളും സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ത്തിയാക്കി. സൗദിയിലെ പ്രധാന നഗരങ്ങളിലെ തെരുവുകളെല്ലാം പതിനായിരക്കണക്കിന് ഹരിത പതാകകള്‍ സ്ഥാപിച്ച് അലങ്കരിച്ചിട്ടുണ്ട്. മന്ത്രാലയ ആസ്ഥാനങ്ങളും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും മറ്റും ഹരിത വര്‍ണത്തില്‍ കുളിച്ചിരിക്കുകയാണ്.
നഗരസഭകളും പ്രധാന സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളുമെല്ലാം ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് തെരുവോരങ്ങളിലും പ്രധാന ചത്വരങ്ങളിലും കെട്ടിടങ്ങളുടെ മുന്‍വശങ്ങളിലും ദേശീയദിനാഘോഷ സന്ദേശങ്ങള്‍ അടങ്ങിയ കൂറ്റന്‍ ബില്‍ബോര്‍ഡുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ സുരക്ഷാ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ജനകീയ പരേഡുകള്‍ അടക്കം വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും.
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷ പരിപാടികള്‍ നടത്തുമെന്ന് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. വ്യോമാഭ്യാസ പ്രകടനങ്ങളും ബീച്ചുകളില്‍ കപ്പലുകളും ബോട്ടുകളും അണിനിരക്കുന്ന സമുദ്ര പ്രകടനങ്ങളും നടക്കും. പ്രധാന നഗരങ്ങളില്‍ മാനത്ത് വര്‍ണരാജി വിരിയിച്ച് എയറോബാറ്റിക് വിമാനങ്ങളുടെ പ്രകടനങ്ങള്‍ അരങ്ങേറും. പടക്കപ്പലുകളും ബോട്ടുകളും ഉള്‍പ്പെടുന്ന നാവിക ഷോകളും, വാഹനങ്ങളും ബാന്‍ഡ് വാദ്യമേളങ്ങളും അടങ്ങിയ പരേഡുകളും ഉണ്ടായിരിക്കും.


റോയല്‍ ഗാര്‍ഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ് കമ്പനി, സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, ഹെലികോപ്റ്റര്‍ കമ്പനി , ഫ്‌ളൈ അദീല്‍, റിയാദ് എയര്‍, സൗദി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രദര്‍ശന പ്രകടനങ്ങള്‍ നടക്കുക. സൗദി ദേശീയ ദിനത്തില്‍ പ്രധാന ഷോ സൗദി ടി.വിയില്‍ തത്സമയം സംപ്രേഷണം ചെയ്യും.
നാളെ രാത്രി ഒമ്പതു മണിക്ക് 14 നഗരങ്ങളില്‍ ഒരേസമയം വെടിക്കെട്ട് ആരംഭിക്കും. മാനത്ത് നിറക്കൂട്ട് ചാര്‍ത്തി അവസരത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന സൃഷ്ടിപരമായ പ്രദര്‍ശനങ്ങളാല്‍ പ്രകാശിക്കാന്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ ഒരുങ്ങുകയാണ്.
തലസ്ഥാനമായ റിയാദില്‍ ബന്‍ബാന്‍ പ്രദേശത്ത് വെടിക്കെട്ട് നടക്കും. ദമാമിലെ കടല്‍ത്തീരത്ത് സമാനമായ കരിമരുന്ന് പ്രയോഗം നടക്കും. ജിദ്ദയില്‍, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡിലും യാച്ച് ക്ലബ്ബിലും വെടിക്കെട്ട് ഏഴ് മിനിറ്റ് നീണ്ടുനില്‍ക്കും. മദീനയില്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്കിലും ഹായിലില്‍ അല്‍സലാം പാര്‍ക്കിലും പൊതുജനങ്ങള്‍ക്ക് വെടിക്കെട്ട് കാണാന്‍ അവസരമുണ്ടാകും. അറാറില്‍ പബ്ലിക് പാര്‍ക്ക്, സകാക്കയില്‍ പ്രിന്‍സ് അബ്ദുല്‍ഇലാഹ് കള്‍ച്ചറല്‍ സെന്റര്‍, അബഹയില്‍ അല്‍മത്ല്‍ പാര്‍ക്ക്, സെലിബ്രേഷന്‍ സ്‌ക്വയര്‍, അല്‍ബാഹയില്‍ പ്രിന്‍സ് ഹുസാം പാര്‍ക്ക്, തബൂക്കില്‍ സെന്‍ട്രല്‍ പാര്‍ക്ക്, ബുറൈദയില്‍ കിംഗ് അബ്ദുല്ല നാഷണല്‍ പാര്‍ക്ക്, ജിസാനില്‍ നോര്‍ത്തേണ്‍ കോര്‍ണിഷ്, തായിഫില്‍ അല്‍റുദഫ് പാര്‍ക്ക് എന്നിവിടങ്ങളിലും വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 24 ന് വൈകുന്നേരം നജ്റാനില്‍ കിംഗ് സൗദ് പാര്‍ക്കിലും കരിമരുന്ന് പ്രയോഗം നടക്കും.


ദേശീയദിനാഘോഷത്തിനിടെ രാജ്യത്തെ നിയമ, വ്യവസ്ഥകള്‍ കണിശമായി പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് സൗദി അഭിഭാഷകന്‍ അഹ്മദ് സഖ്തി പറഞ്ഞു. ദേശീയദിനാഘോഷം സന്തോഷത്തിനുള്ള അവസരം മാത്രമല്ല. ലോകത്തിനു മുന്നില്‍ സൗദി അറേബ്യയുടെ പരിഷ്‌കൃത പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന നിയമ അവബോധം വര്‍ധിപ്പിക്കാനും അച്ചടക്കത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്താനുമുള്ള അവസരം കൂടിയാണിത്.
രാജ്യത്തെ ഒരു കൊടിക്കീഴില്‍ ഏകീകരിച്ചതിന്റെയും നിര്‍മാണത്തിന്റെയും നവോഥാനത്തിന്റെയും യാത്രക്ക് തുടക്കമിട്ടതിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ദേശീയ ദിനം. അഭിമാനത്തിന്റെയും അവകാശത്തിന്റെയും വികാരങ്ങള്‍ പുതുക്കുന്ന അവസരമാണിത്. എന്നിരുന്നാലും, സമൂഹത്തിന്റെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ രാജ്യത്തോടുള്ള കൂറും അഭിമാനവും പ്രകടിപ്പിക്കുന്നത് പൂര്‍ണമാകില്ല.
സൗദി നിയമങ്ങള്‍ ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ഉണ്ടാകാവുന്ന നിയമ ലംഘനങ്ങള്‍ക്ക് വ്യക്തമായ ശിക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ട്. ദേശീയ പതാകയെ അപമാനിക്കുന്നത് ഒരു വര്‍ഷം വരെ തടവും 3,000 റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. ലൈംഗികാതിക്രമം പോലുള്ള അനുചിതമായ പെരുമാറ്റത്തിന് രണ്ടു വര്‍ഷം വരെ തടവോ ഒരു ലക്ഷം റിയാല്‍ വരെ പിഴയോ ശിക്ഷ ലഭിക്കും. സ്വകാര്യതാ സംരക്ഷണം നിയമം ഊന്നിപ്പറയുന്ന മുന്‍ഗണനയാണ്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് മറ്റുള്ളവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിന് ഒരു വര്‍ഷം വരെ തടവോ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയോ ശിക്ഷ ലഭിക്കും. മാന്യമല്ലാത്ത വസ്ത്രം ധരിക്കല്‍, അധിക്ഷേപകരമായ വാക്കുകള്‍ അടങ്ങിയ വസ്ത്രം ധരിക്കല്‍ പോലുള്ള പൊതു മര്യാദാ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ വരെ പിഴ ചുമത്തും. വേഗത പാടെ കുറച്ച് മന്ദഗതിയില്‍ സഞ്ചരിക്കല്‍, തെറ്റായി പാര്‍ക്ക് ചെയ്യല്‍ പോലുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉടനടി പിഴ ചുമത്തും. ഈ നിയന്ത്രണങ്ങള്‍ നമ്മുടെ സന്തോഷത്തെ പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, സുരക്ഷിതവും വ്യവസ്ഥാപിതവുമായ അന്തരീക്ഷത്തില്‍ അതിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ള സമൂഹത്തിന്റെ അവബോധത്തെ അവ പ്രതിഫലിപ്പിക്കുന്നു. മാതൃരാജ്യത്തോടുള്ള യഥാര്‍ഥ സ്‌നേഹം പ്രതിബദ്ധതയായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. വ്യവസ്ഥയോടുള്ള ബഹുമാനത്തിലൂടെ രാജ്യത്തോടുള്ള കൂറ് തെളിയിക്കപ്പെടുന്നു – സൗദി അഭിഭാഷകന്‍ അഹ്മദ് സഖ്തി പറഞ്ഞു