മദീന – സൗദി അറേബ്യയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ വിഫലമാക്കി കസ്റ്റംസ്. മദീന എയര്‍പോര്‍ട്ടും തബൂക്ക് പ്രവിശ്യയിലെ ദിബാ തുറമുഖവും വഴിയുള്ള കടത്ത് ശ്രമങ്ങളാണ് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കിയത്. ദിബാ തുറമുഖം വഴി ഇറക്കുമതി ചെയ്ത മരപ്പലകകള്‍ക്കുള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 52,352 ലഹരി ഗുളികകൾ കണ്ടെത്തിയതായി അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു.
ഇതിന് പുറമെ, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3.8 കിലോഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. മയക്കുമരുന്ന് ശേഖരങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ നാല് പേരെ അറസ്റ്റ് ചെയ്തതായും ഹമൂദ് അൽഹർബി കൂട്ടിച്ചേർത്തു.



